1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തതിനു പിന്നാലെ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തി. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് തിരികൊളുത്തി.

കോവിഡ് 19 പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലും സിംഗെരത്തിയെത്തി. ഒരു സംഘം വിദ്യാർഥികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷം സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം കുറിച്ചു. ‘ഭയപ്പെടേണ്ടതില്ല. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ അതിശക്തമാണ്. നമ്മൾ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. മദ്യവും ഒരു കപ്പ് കാപ്പിയും പീറ്റ്സയും ആവശ്യമുള്ളപ്പോൾ അനാവശ്യമായ ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കേണ്ടതില്ല’.

അന്ന് തന്നെ മിലാൻ മേയർ ബെപ്പെ സാല സമൂഹമാധ്യമങ്ങളിൽ ‘മിലാൻ ഡെസ് നോട്ട് സ്റ്റോപ്പ്’ എന്ന ശീർഷകത്തിൽ ഒരു വിഡിയോ പങ്കുവച്ചു. ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പാർക്കിലൂടെ നടക്കുന്നതും ട്രെയിൻ കാത്തുനിൽക്കുന്നതും തുടങ്ങിയുള്ള ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം മാർച്ച് 5 ന് നിക്കോള സിംഗെരത്തിയുടെ ട്വീറ്റ് എത്തി.

‘ഞാനും കൊറോണ വൈറസ് ബാധിതനായിരിക്കുന്നു. ക്വാറന്റീനിലാണെന്നു എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. വീട്ടിലിരുന്നു തന്നെ ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ തുടരും. ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് 19 ടെസ്റ്റുകൾക്ക് വിധേയരാകണം. നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുക തന്നെ ചെയ്യും’– നിക്കോള സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിംഗെരത്തിയുടെ ട്വീറ്റ് ജനങ്ങൾ വായിക്കുമ്പോൾ കോവിഡ് 19 മരണങ്ങൾ 200 കടന്നിരുന്നു.

ഞാൻ വീട്ടിൽ തന്നെയായിരിക്കും എന്ന മുദ്രവാക്യം ഉയർത്തി കൊറോണ വൈറസ് ബാധയെ നേരിടുന്ന ഇറ്റലിയുടെ മാസങ്ങൾക്കു മുൻപുള്ള ചിത്രം ഇങ്ങനെയൊന്നും ആയിരുന്നില്ല. നൂറുകണക്കിനു ആളുകൾ മരിച്ചു വീഴുമ്പോഴും ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കാൻ ഇറ്റാലിയൻ ജനത തയാറായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച മാത്രം 793 പേരാണ് ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. ആകെ മരണം 4,825 ആയി ശനിയാഴ്ച ഉയർന്നതോടെയാണ് ടെലിവിഷനിലൂടെ അത്യാവശ്യമില്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാൻ ഇറ്റാലിയൻ പ്രസിഡന്റ് ജ്യുസപ്പേ കോണ്ടേ നിർദേശം നൽകിയത്.

ചൈനയിലെ വുഹാൻ നഗരത്തിന്റെ അവസ്ഥയിലാണ് ഇപ്പോൾ വടക്കൻ ഇറ്റലി. ജനം പുറത്തിറങ്ങാൻ ഭയപ്പെടുന്നു. കൊറോണ പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി നഗരത്തിൽ ഉൾപ്പെടെ പരസ്യ ജീവിതത്തിനു വിലക്കുണ്ട്. വീടുകളിൽ തന്നെ താമസിക്കുന്ന എല്ലാവർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാൻ പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായം തേടുകയാണ് ഇറ്റാലിയൻ സർക്കാർ. സമ്പർക്കവിലക്ക് തെറ്റിക്കുന്നവരെ നേരിടാൻ തെരുവിൽ ഇപ്പോൾ പട്ടാളമുണ്ട്. എന്നാൽ ഇത്രയും കാര്യങ്ങൾ നടപ്പിൽ വരുത്താൻ ആയിരക്കണക്കിന് മരണങ്ങൾ വേണ്ടി വന്നുവെന്നത് ഖേദകരമാണ്– രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച കൊറോണ വൈറസ് ബാധമൂലം 651 പേരാണ് ഇറ്റലിയിൽ മരിച്ചത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,927.

ക്വാറൻീൻ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ നിർദേശം ലംഘിച്ചതിന് 40000 പേരെയായിരുന്നു ഇറ്റാലിയൻ െപാലീസ് അറസ്റ്റ് ചെയ്തത്. “ രാഷ്ടീയക്കാരുടെ ഭാഷ മാറാൻ തുടങ്ങിയപ്പോൾ ജനങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു. വീട്ടിലിരിക്കണമെന്നും രോഗവാഹകരാകരുതെന്നും നേതാക്കൾ കർശന നിർദേശം നൽകിയതോടെ അത് അനുസരിക്കാൻ ജനങ്ങൾ നിർബന്ധിതരായി– സൈക്കോളജിസ്റ്റായ സാറ രഗിൻനെല്ലി പറയുന്നു. നേപ്പിൾസ്, സിസിലി തുടങ്ങിയ നഗരങ്ങളിൽ നിയമലംഘകരെ തേടി െപാലീസ് റോന്ത് ചുറ്റാൻ തുടങ്ങിയതോടെ വൻതോതിൽ കാര്യങ്ങളിൽ മാറ്റം വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.