1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവർത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതിൽ ആറു പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഖത്തറിൽനിന്നും യുകെയിൽനിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു. 72,460 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 71,994പേർ വീടുകളിലും 466 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്.

രോഗികളുമായി ഇടപഴകിയതിലൂടെ 3 പേർക്ക് അസുഖം വന്നു. ഇന്നു മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4516 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണു വേണ്ടത്. എന്നാൽ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നലെ തന്നെ ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.

എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.

കാസർകോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. എല്ലാവർക്കും ഇ‌തു ബാധകമാണെന്ന് ഓർക്കണം. സ്വകാര്യ വാഹനങ്ങളിൽ ആൾക്കാർ പുറത്തിറങ്ങുന്നൊരു പ്രവണത ഇന്നു കണ്ടിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരിൽനിന്നു സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഡിജിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സത്യവാങ്മൂലം തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം. തെറ്റായ വിവരം നൽകിയാൽ നിയമനടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങൾ തടയില്ല.

അവശ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയവ വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ടാക്സി, ഓട്ടോറിക്ഷ (ഓൺലൈൻ ടാക്സികൾ ഉൾപ്പെടെ) ഉപയോഗിക്കാൻ അനുമതി ഉണ്ടാകു. മെഡിക്കൽ ഷോപ്പ്, പലചരക്ക് കട, പാൽ, പച്ചക്കറി, ഡാറ്റാ സെൻറർ, ഇൻറർനെറ്റ്, ടെലികോം തുടങ്ങി ലോക്ക്ഡൗണിൽ സർക്കാർ പ്രവർത്തനാനുമതി നൽകിയ മേഖലകളിലെ ജീവനക്കാർക്ക് പാസ് ലഭ്യമാക്കും. ജില്ലാ പൊലീസ് മേധാവിമാരാകും ഈ പാസുകൾ വിതരണം ചെയ്യുക.

മീഡിയ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. ജനം അധികമായി പുറത്തിറങ്ങി വൈറസ് പടരുന്ന സാധ്യത ഒഴിവാക്കാനാണിതെന്നും പൊതുതാൽപര്യം മുൻനിർത്തി എല്ലാവരും നിര്‍ദേശങ്ങൾ അനുസരിക്കണമെന്നും ഡിജിപി അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.