1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി. ഇതിൽ 112 പേരാണു ചികിത്സയിലുള്ളത്. ആറു പേരുടെ രോഗം ഭേദമായി. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ 2 പേർ പാലക്കാട് സ്വദേശികളാണ്. എറണാകുളത്ത് 3, പത്തനംതിട്ടയിൽ 2, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതമാണ് രോഗം. ഇതിൽ നാലു പേർ ദുബായിൽനിന്ന് എത്തിയവരാണ്. ഒരാൾ യുകെയിൽനിന്നും മറ്റൊരാൾ ഫ്രാൻസിൽനിന്നും വന്നതാണ്.

മൂന്ന് പേർക്കു സമ്പർക്കം വഴിയാണ് രോഗം ലഭിച്ചത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ചികിൽസയിലുണ്ടായിരുന്ന 2 പേർ രോഗം മാറി ഡിസ്ചാർജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണത്തിൽ രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേർക്ക് വൈറസ് ബാധയുണ്ടായതിൽ 91 പേർ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. എട്ടു വിദേശികൾ. ബാക്കി 19 പേർക്ക് സമ്പർക്കം മുഖേന വൈറസ് ബാധിച്ചു.

ഇന്നലെ സംസാരിച്ചതിൽനിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇന്നലെ രാജ്യത്തു ലോക്ഡൗൺ നടപ്പാക്കി. നമ്മൾ അതിനു മുൻപ് തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതൽ ഗൗരവമാകുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാക്കുന്നത്. സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്കു പോകേണ്ടതുണ്ട്. ജനങ്ങള്‍ക്കു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബവ്റിജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടും.

ഇപ്പോൾ രോഗബാധിതരായി ചികില്‍സയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയിൽ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തിലാകെയുള്ള പ്രശ്നങ്ങൾ ഏതെങ്കിലും ഒരു കേന്ദ്രത്തിലിരുന്ന് പരിഹരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂടുതൽ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി ആവശ്യാനുസൃതം കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പോലീസ് അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. ഒഴിച്ചൂകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവരുണ്ടെന്നും കൊറോണക്കാലത്തും അവർക്ക് കൃത്യമായി ഭക്ഷണം ലഭിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇതിന്റെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. കമ്മ്യൂണിറ്റി കിച്ചൺ ഇതിനായി ഉണ്ടാക്കും. എത്രപേർക്കാണ് ഭക്ഷണം ഈ രീതിയിൽ എത്തിക്കേണ്ടതെന്ന കണക്ക് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ നമ്പർ നല്‍കും. ആ നമ്പരിൽ വിളിച്ചു പറഞ്ഞാൽ ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയാനുള്ള നടപടി കര്‍ശനമാക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി തിരുവനന്തപുരത്ത് ചേര്‍ന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കാനുള്ള ഓര്‍ഡിനന്‍സാണിത്. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 എന്ന പേരിലാണ് പുതിയ നിയമം. നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്‌സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ഇതനുസരിച്ച് പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കും. സംസ്ഥാന അതിര്‍ത്തി അടച്ചിടാനും പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാറിന് സാധിക്കും.

സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്‍, കടകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വ്വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പോലീസിന് നേരിട്ട് കേസെടുക്കാം.

അതേസമയം, ലോക്ക് ഡൗണിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ തെരുവിലേക്ക് സ്വകാര്യ വാഹനങ്ങളുമായി ജനങ്ങള്‍ ഇറങ്ങിയതോടെ പോലീസ് കൂട്ട അറസ്റ്റ് തുടങ്ങി. അനാവശ്യ യാത്രകള്‍ നടത്തുന്ന വണ്ടികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോലീസ് കടന്നു കഴിഞ്ഞു.

രാവിലെ കൊച്ചിയില്‍ മാത്രം 200 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ 39 പേരും അറസ്റ്റിലായി. മറ്റ് ജില്ലകളില്‍ കടുത്ത നടപടിയാണ് സ്വീകരിച്ച് വരുന്നത്. അനാവശ്യമായി റോഡില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. നിര്‍ദേശം രണ്ട തവണ ലംഘിച്ചാലാണ് റജിസ്ട്രേഷന്‍ റദ്ദ് ചെയ്യുക. അറസ്റ്റിനും കേസിനും പുറമെ പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രമെ വിട്ടു നല്‍കൂ എന്നും തീരുമാനമുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പള്ളിയിലെ ശവസംസ്‌കാര ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചതിന് പള്ളി വികാരി അറസ്റ്റില്‍. അടൂര്‍ തുവയൂരില്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി റെജി യോഹന്നാനാണ് അറസ്റ്റിലായത്. പള്ളിക്കമ്മിറ്റി സെക്രട്ടറി, ട്രെസ്റ്റി എന്നിവരെയും അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷ നടന്നത്. ചടങ്ങില്‍ പള്ളി ഭാരവാഹികള്‍ ഉള്‍പ്പടെ അമ്പതില്‍ അധികം ആളുകള്‍ പങ്കെടുത്തതായി ബോധ്യമായ സാഹചര്യത്തിലായിരുന്നു പോലീസ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല