1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്.

സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,63,508പര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അരി സൗജന്യമായി വീടുകളില്‍ എത്തിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ പോയി വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇവരുടെ ക്ഷേമപെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്കില്‍ സൂക്ഷിക്കും. ക്വാറന്റൈന്‍ കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വാങ്ങാവുന്നതാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജ്‌ നാലുദിവസത്തിനകം കൊറോണ ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായി എം.എ.യൂസഫലി ഡല്‍ഹിയില്‍നിന്ന് ഒരുലക്ഷം മാസ്‌കുകള്‍ വാങ്ങി കേരളത്തിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ റോഡിൽ ആളുകൾ കുറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. ലോക്ഡൗൺ പാലിക്കുന്നതിലെ കാർക്കശ്യം തുടരണം. അനാവശ്യമായി പുറത്തിറങ്ങിയ ആളുകളെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതുവരെ 22,338 കേസുകൾ റജിസ്റ്റർ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനങ്ങൾ പിടിച്ചു. ഇനി ആലോചിക്കുന്നത് എപിഡമിക് ആക്ട് പ്രകാരം കേസ് എടുക്കുന്നതിനാണ്.

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ഇന്ന് 2153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള തടസ്സം ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട്. അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാത്തതിനാൽ ഏഴു പേർ കാസർകോട് മരിച്ചു.

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇപ്പോള്‍ യാത്രാവിമാനങ്ങളില്ല. ചരക്ക് വിമാനം ഉപയോഗിച്ചാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുക. ആ തരത്തില്‍ ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുംബമായും കൂട്ടായും താമസിക്കുന്ന മലയാളികളുണ്ട്. കൂടുതല്‍ ആളുകളും ഒന്നിച്ച് താമസിക്കുകയാണ്. ഇത്തരത്തില്‍ കൂട്ടായി താമസിക്കുന്നവരില്‍ ഒരാള്‍ക്ക് പനിയോ ചുമയോ വന്നാല്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും. ക്വാറന്റൈനില്‍ പോകാനും ആവശ്യപ്പെടും. എന്നാല്‍ അവര്‍ എവിടെ പോകും. തിരിച്ച് മുറിയിലേയ്ക്ക് പോകാന്‍ സാധിക്കില്ല. അത്തരം ആളുകള്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിന് സൗകര്യം എംബസി ഒരുക്കേണ്ടവരും. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണ് നേഴ്‌സുമാര്‍ അറിയിക്കുന്നത്. ചിലര്‍ക്ക് രോഗബാധയുടെ ആശങ്കയുണ്ട്. നേഴ്‌സുമാരായവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുവാനുള്ള ക്രമീകതരണം കേന്ദ്രത്തിന്‍രെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കേരള-കർണാടക അതിർത്തിയിലെ, കാസർകോട്​ റോഡുകൾ അടച്ച കർണാടകയുടെ നിലപാട്​ മനുഷ്യത്വ രഹിതമെന്ന് കേരള​ ഹൈകോടതി. കോവിഡ്​ മൂലം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട്​ ആളുകൾ മരിച്ചാൽ ആര്​ ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. കേന്ദ്ര നിയന്ത്രണത്തിലുള്ള ഹൈവേ അടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.