1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യപിച്ച ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. അമിത്ഷാ നേരത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്കഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും അഭിപ്രായങ്ങളും തേടിയിരുന്നു. പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്.

രാജ്യത്ത് അനുദിനം കൊവിഡ് വൈറസ് രോഗ ബാധിതകരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ചുമാണ് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ലോക്ക്ഡൗണ്‍ ഉപകാര പ്രദമായിരുന്നുവോയെന്ന് അമിത്ഷാ മുഖ്യമന്ത്രിമാരോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടി ആയിരിക്കണം ചര്‍ച്ച നടന്നത്.

എല്ലാ മുഖ്യമന്ത്രിമാരും അവരുടേതായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അമിത്ഷായോട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂണ്‍ 1 ന് ശേഷവും ലേക്ക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അവലോകന യോഗം നടന്നു വരികയാണ്. സാധാരണ ഗതിയില്‍ ക്യാബിനറ്റ് സെക്രട്ടറിമാരാണ് മുഖ്യ മന്ത്രിമാരെ വിളിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അമിത് ഷാ തന്നെ നേരിട്ട് വളിക്കുകയായിരുന്നു.

മഹാരാഷ്ട്രയും തമിഴ്‌നാടും ഉള്‍പ്പെടുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടണമെന്നാണ് ചര്‍ച്ചയില്‍ പലരും മുന്നോട്ട് വെച്ച് ആവശ്യം.ലോക്ക്ഡൌണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാനാണ് സാധ്യതയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു.

ആരോഗ്യമേഖലയില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ദേശീയ ദുരന്ത നിവാരണ നിയമം കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നാണ് സൂചന. ഇതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടാതെ തന്നെ രക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യാന്‍ നിയമം കേന്ദ്രത്തിന് അനുമതി നല്‍കുന്നുണ്ട്.

അതേസമയം തന്നെ കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി കേന്ദ്രം സ്വീകരിക്കുന്ന നടപടികള്‍ പാടെ പരാജയമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ലോക്ക്ഡൗണിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനത്തിനുള്ള സാധ്യതകളും ഏറെയാണ്. അതേസമയം ഓരോ ഘട്ടത്തിലും ഇളവുകള്‍ പ്രഖാപിക്കുന്നതാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അതിനിടെ കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ള സ്ഥലങ്ങള്‍ തുറന്നു കൊടുക്കണമെന്നു നിര്‍ദേശമാണ് വിദഗ്ധ പാനലുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍, കോളജ്, സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിട്ട് മറ്റെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാമെന്നാണ് ഇവരുടെ അഭിപ്രായം. രാജ്യാന്തര യാത്രകള്‍ അനുവദിക്കുന്നത് ശുപാര്‍ശയിലില്ല. മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി 11 സമിതികളാണു രൂപീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.