1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: കൊവിഡ് ഭീതി അകന്നിട്ടില്ലെങ്കിലും പതിവുള്ള തിരക്കുകളിലേക്ക് മടങ്ങുകയാണ് ദുബായ് നഗരം. എന്നാൽ റസ്റ്ററന്റുകൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവുണ്ടാകണമെന്ന് അധികൃതർ ആവർത്തിക്കുന്നു. അശ്രദ്ധ രോഗസാധ്യത വർധിപ്പിക്കും. ശിക്ഷാനടപടികൾക്കു വിധേയരാകേണ്ടിയും വരും.

റസ്റ്ററന്റുകളിലടക്കം ഉൾക്കൊള്ളാവുന്നതിന്റെ 50% പേർക്കുമാത്രമാണ് പ്രവേശനമെന്നിരിക്കെ മുൻകൂട്ടി ബുക്ക് ചെയ്ത് പോകണം. 60 വയസു കഴിഞ്ഞവർ, 12 വയസിൽ താഴെയുള്ളവർ, രോഗങ്ങളുള്ളവർ എന്നിവരെ കഴിയുന്നതും പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകരുത്.

റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മേശകൾ തമ്മിൽ 2 മീറ്റർ അകലമുണ്ടാകണം. സന്ദർശകരുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ പ്രവേശനമില്ല. മാസ്ക് നിർബന്ധമാണെങ്കിലും സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ മാറ്റാം. ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഭദ്രമായി ബാഗിൽ സൂക്ഷിക്കണം. മേശപ്പുറത്തോ സീറ്റുകളിലോ വയ്ക്കരുത്.

ജിമ്മിൽ പോകുന്നവർ വിയർപ്പു തുടയ്ക്കാനുള്ള ടവൽ കൊണ്ടുപോകണം. കുടിക്കാനള്ള വെള്ളവും കരുതണം. അനുവദിക്കപ്പെട്ട സമയത്തു തന്നെയെത്തി ശരീരോഷ്മാവ് പരിശോധിച്ച് അകത്തു കയറാം. ചുമ, പനി, ശ്വാസ തടസം, പകർച്ചവ്യാധി എന്നിവയുള്ളവർ ഒരു കാരണവശാലും ജിം സന്ദർശിക്കരുത്.

സിനിമാ തിയറ്ററിൽ ചെല്ലുമ്പോഴും ഇരിക്കുമ്പോഴും 2 മീറ്റർ അകലം ഉറപ്പാക്കണം. ഇരിപ്പിടങ്ങൾ ഇതിനായി പുനഃക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാരും സന്ദർശകരും മാസ്കും എല്ലാ സമയത്തും മാസ്കും ഗ്ലൗസും ധരിക്കണം. 60 വയസു കഴിഞ്ഞവർ, 12നു താഴെയുള്ളവർ എന്നിവർക്കു പ്രവേശനമില്ല.

കുടുംബാംഗങ്ങളാണെങ്കിൽ പരമാവധി 4 പേരെ ഒരുമിച്ച് ഇരിക്കാൻ അനുവദിക്കും. ആളുകൾ ഇരിക്കുന്നതിന്റെ മുൻ-പിൻ നിരകളിലെ സീറ്റുകൾ ഒഴിച്ചിടണമെന്നാണ് നിയമം. ഡ്രൈവ് ഇൻ സിനിമകളിൽ എത്തുന്നവർ ശൌചാലയങ്ങളിൽ പോകുന്നതിനൊഴികെ വാഹനങ്ങളിൽ നിന്ന് ഇറങ്ങരുതെന്നും നിർദേശമുണ്ട്.

ആശുപത്രികളിൽ ഒൌട് പേഷ്യന്റ് വിഭാഗത്തിലും പ്രവേശനം അനുവദിച്ചെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യണം. മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധം. രോഗികൾക്കുള്ള മാർഗനിർദേശങ്ങൾ ബോർഡുകളിലും മറ്റും പ്രദർശിപ്പിക്കണം.

റിസപ്ഷൻ, എലിവേറ്ററുകൾ, ശസ്ത്രക്രിയാ മുറികൾ തുടങ്ങിയ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. ഇഎൻടി, ദന്തൽ ചികിത്സയാണെങ്കിൽ ഓരോ രോഗിയും ഇറങ്ങിയശേഷം അണുവിമുക്തമാക്കണം. ഒരാൾ ഇറങ്ങിയ ശേഷം 20 മിനിറ്റ് കഴിഞ്ഞേ അടുത്തയാൾക്ക് കയറാനാകൂ.

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മുതിർന്ന പൗരന്മാർക്ക് ആമർ സേവനങ്ങൾ ഇനി വീടുകളിലും. വീസാ സേവനങ്ങൾക്ക് ഇത്തരക്കാർ ആമർ സെന്ററുകളിൽ നേരിട്ടെത്തി അപേക്ഷിക്കേണ്ടതില്ലെന്ന് ആമർ സെന്ററുകളുടെ തലവൻ മേജർ സാലിം ബിൻ അലി അറിയിച്ചു. ആമർ സേവന കേന്ദ്ര ഉദ്യോഗസ്ഥർ മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തി സേവനങ്ങൾ നൽകും.

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്ന ആമർ കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്താവളങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലുമെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ചതിനുശേഷമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

മാസ്കും ഗ്ലൗസും നിർബന്ധം. സാമൂഹിക അകലവും അപേക്ഷകർ പാലിക്കണമെന്ന് മേജർ സാലിം ഓർമിപ്പിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ സേവനം ലഭിക്കും. ഷോപ്പിങ് മാളുകളിലുള്ള സേവന കേന്ദ്രങ്ങളുടെ സമയ ദൈർഘ്യം രാത്രി പത്ത് വരെ നീട്ടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.