1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലെത്തുമ്പോൾ മരണസംഖ്യ മുക്കാൽ ലക്ഷം കവിഞ്ഞു. യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 1,450,249 പേർക്കാണ് രോഗബാധ. മരണം 83,476. രോഗം ഭേദമായവർ 309,358.

പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഇറ്റലി(17000), സ്‌പെയിന്‍(14000), അമേരിക്ക(12000) എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധ ഫ്രാന്‍സിനേക്കാള്‍ രൂക്ഷമായി തുടരുന്നതായി ഔദ്യോഗികവിവരങ്ങളുള്ളത്.

ചൊവ്വാഴ്ച്ചയാണ് കോവിഡ് മരണം 10328 പേരിലെത്തിയതായി പൊതു ആരോഗ്യവിഭാഗം അറിയിച്ചത്. തിങ്കളാഴ്ച്ച 8911 ആയിരുന്നു ഫ്രാന്‍സിലെ മരണസംഖ്യ. ഇതില്‍ 7091 പേര്‍ ആശുപത്രികളിലും 3237 പേര്‍ വൃദ്ധസദനങ്ങളിലുമായാണ് മരിച്ചത്. ഇതില്‍ ആശുപത്രികള്‍ക്ക് പുറത്തുള്ള മരണങ്ങളുടെ കണക്ക് കൃത്യമല്ലെന്നും ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ആകെ 109,069 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 607 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഫ്രാന്‍സിലെ വിവിധ ആശുപത്രികളില്‍ ജീവന്‍ നഷ്ടമായത്. 820 വൃദ്ധസദനങ്ങളിലെ മരണങ്ങളും രേഖപ്പെടുത്തപ്പെട്ടു. വൃദ്ധസദനങ്ങളിലെ മരണങ്ങള്‍ മുന്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തത് കൂടി ചേര്‍ത്താണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതാണ് മരണസംഖ്യ കുത്തനെ ഉയര്‍ത്തിയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ ഫ്രാന്‍സ് ലോക്ഡൗണിലാണ്. ലോക്ഡൗണ്‍ തെറ്റിക്കുന്നവര്‍ക്ക് പിഴ അടക്കമുള്ള ശിക്ഷയും ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്ത് ജനങ്ങള്‍ വ്യായാമത്തിനായി പൊതു സ്ഥലങ്ങളിലെത്തരുതെന്ന മുന്നറിയിപ്പും ചൊവ്വാഴ്ച്ച ഫ്രഞ്ച് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു. 76 ദിവസം നീണ്ട ലോക്ഡൗണ്‍ അവസാനിപ്പിച്ചതോടെ പ്രദേശത്തുള്ളവര്‍ക്ക് പുറത്തേക്ക് പോകാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്നാണ് ലോകമാകെ കോവിഡ് രോഗം പടര്‍ന്നുപിടിച്ചത്.

ജനുവരി 23 മുതല്‍ അടച്ചിട്ടിരുന്ന വുഹാന്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ ഇതോടെ ചൈന തുറന്നു. അതേസമയം നഗരത്തില്‍ ചില നിയന്ത്രണങ്ങള്‍ തുടരാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 1.1 കോടി ജനങ്ങളാണ് വുഹാനില്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 76 ദിവസം കര്‍ശ നിയന്ത്രണങ്ങളോടെ കഴിഞ്ഞത്.

കോവിഡ് പടരുന്ന സാഹചര്യത്തിൽ ജപ്പാനിൽ പ്രധാനമന്ത്രി ആബെ ഷിൻസോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലും കൂടുതൽ ജനസംഖ്യയുള്ള 6 പ്രദേശങ്ങളിലും മേയ് 6 വരെയാണ് അടിയന്തരാവസ്ഥ. 44% ജനങ്ങളെ നിയന്ത്രണങ്ങൾ ബാധിക്കും. 9,990 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനിൽ നിയന്ത്രണം മറികടക്കാൻ റോബട്ടിനെ രംഗത്തിറക്കി വിദ്യാർഥികൾ. ടോക്കിയോ സർവകലാശാലയിലെ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങാൻ പേരുവിളിച്ചപ്പോൾ വിദ്യാർഥികൾക്കു പകരം തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകൾ. പേരു വിളിക്കുമ്പോൾ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്‌ലറ്റിൽ വിദ്യാർഥിയുടെ മുഖം തെളിയും. റോബട്ടുകളെ വീട്ടിലിരുന്ന് കുട്ടികൾ തന്നെ നിയന്ത്രിച്ചു.

ഫിലിപ്പീൻസും കൊളംബിയയും ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീട്ടി. അരലക്ഷത്തിലേറെ രോഗികളുളള രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ജർമനിയുടേത്. ഒരു ലക്ഷത്തിലേറെ രോഗികളുളള ജർമനിയിൽ മരണം രണ്ടായിരത്തിൽ താഴെമാത്രം. രോഗനിർണയ പരിശോധനയുടെ എണ്ണത്തിലും ജർമനി മുൻപിൽ.

റഷ്യയിൽ ഒറ്റദിവസത്തെ കേസുകൾ 1000 കടന്ന് റെക്കോർ‍ഡിട്ടു. ഇന്തൊനീഷ്യ, മെക്സ്ക്കോ എന്നിവിടങ്ങളിലും പുതിയ കേസുകളിൽ റെക്കോർഡ് വർധന. സ്പെയിനിൽ 4 ദിവസങ്ങൾക്കുശേഷം രോഗികളുടെ മരണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനുള്ളിൽ 743 മരണം. രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിനടുത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.