1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2020

സ്വന്തം ലേഖകൻ: ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 5,532,121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 347,249 പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 1,689,581 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 99,381 പേര്‍ മരിച്ചു. ഇതില്‍ 29,141 മരണങ്ങളും സംഭവിച്ചത് ന്യൂയോര്‍ക്കിലാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. ബ്രസീലില്‍ ഇതുവരെ 363211 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,666 പേരാണ് ഇവിടെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. റഷ്യയില്‍ 34481 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 3541 പേരാണ് റഷ്യയില്‍ മരിച്ചത്.

ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതാണ് പുതിയ നിയമം.

എന്നാല്‍ വ്യാപാരത്തെ പുതിയ നിയമം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി അറിയിച്ചു. ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ പുതിയ നടപടി സഹായിക്കുമെന്ന് കെയ്‌ലി കൂട്ടിച്ചേര്‍ത്തു.

ചൈന, ഇറാന്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ സോണ്‍ എന്നിവയുള്‍പ്പെടെ കോവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ് ഈ തീരുമാനമെന്നും ബ്രസീലിന് മാത്രമായല്ലെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസുകാർ തുടങ്ങിയവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.

മടങ്ങാൻ ആഗ്രഹിക്കുന്നവര്‍ മെയ് 27 ന് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി അറിയിച്ചിരിക്കുന്നത്. കൊവിഡ് രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും ശരീര താപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല. മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനിലും കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.