1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,945,209 ആയി. ഇതുവരെ മരിച്ചത് 362,920 പേരാണ്. 1,10000 ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര്‍ മരിച്ചപ്പോള്‍ 45000ത്തിലേറെ ആളുകളാണ് പുതുതായി രോഗികളായത്. രോഗവ്യാപനത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ എണ്ണായിരത്തിലേറെ പുതിയ കേസുകളും നൂറിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകെ 3,60,000ത്തോളം പേര്‍ മരിച്ചതില്‍ ഒരുലക്ഷത്തിലധികം പേരും അമേരിക്കയിലാണ്. ബ്രസീലില്‍ 25000ത്തിലധികം പേരും റഷ്യയില്‍ നാലായിരത്തിലേറെ പേരുമാണ് ഇതുവരെ മരിച്ചത്. മരണ സംഖ്യയില്‍ അമേരിക്കക്ക് പിന്നില്‍ യു.കെ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഉള്ളതെങ്കിലും ഇവിടങ്ങളില്‍ മരണ നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

213 രാജ്യങ്ങളിലായി ഇതുവരെ 58,89000ത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25,77000ത്തിലേറെ പേര്‍ക്കാണ് അസുഖം ഭേദമായത്. ചികിത്സയില്‍ തുടരുന്ന 29,60000ത്തിലേറെ ആളുകളില്‍ അര ലക്ഷത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

യൂറോപ്പും അമേരിക്കയും കടന്ന് ആഫ്രിക്കയിലെയും ഏഷ്യയിലേയും വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരോ ദിവസവും വര്‍ധിക്കുകയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലായി രോഗ വ്യാപന തോതില്‍ കുറവുണ്ടായതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേറെയും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

അതേസമയം ആരോഗ്യ വിദഗ്ധരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോകിന്‍ ഉപയോഗിക്കുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കോവിഡിന്റെ പേരില്‍ ചൈനക്കെതിരെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. കൊറോണ വൈറസ് ചൈനയില്‍ നിന്നുള്ള ഏറ്റവും മോശം സമ്മാനമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. കോവിഡ് മഹാമാരിയില്‍ അമേരിക്കയില്‍ 1,00,000 മരണം സംഭവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.

“കോവിഡ് മരണത്തില്‍ നമ്മള്‍ ഏറ്റവും വിഷമമുള്ള സംഖ്യകടന്നിരിക്കുന്നു. 1,00,000 പേര്‍ മരിച്ചിരിക്കുന്നു. മരിച്ച മുഴുവന്‍ ആളുകളുടെയും കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും എന്റെ സഹതാപവും സ്‌നേഹവും അറിയിക്കുന്നു. ദൈവം നിങ്ങളോടൊപ്പമുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്.
രണ്ടാമത്തെ ട്വീറ്റിലൂടെയാണ് അദ്ദേഹം ചൈനയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.