1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2020

സ്വന്തം ലേഖകൻ: ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍. ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷത്തി ആറായിരത്തോളം കോവിഡ് കേസുകളാണ് ഒറ്റ ദിവസംകൊണ്ട് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കയില്‍ രോഗം വ്യാപിക്കുന്നതും യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതുമാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം.

ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. പെറുവില്‍ ഒരുലക്ഷത്തിലേറെയായി കോവിഡ് രോഗികള്‍. മെക്സിക്കോയില്‍ മരണസംഖ്യ കൂടുന്നത് ആശങ്കയുണര്‍ത്തുകയാണ്. ഇന്ന് മാത്രം 424 പേര്‍ മരിച്ചു. പത്ത് ശതമാനത്തിലേറെയാണ് മരണനിരക്ക്.

ചിലിയിലും ഇക്വഡോറിലുമെല്ലാം രോഗം വ്യാപിക്കുക തന്നെയാണ്. അധികം വൈകാതെ യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി തലവന്‍ ആന്‍ഡ്രിയ അമ്മോന്‍ പറഞ്ഞു. ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം കവിഞ്ഞു. മരണം 3,30,000 ആയി. അമേരിക്കയില്‍ രോഗികള്‍ 16 ലക്ഷത്തോട് അടുക്കുന്നു. റഷ്യയിലും രോഗ വ്യാപനത്തോത് ഉയരുകയാണ്.

അതിനിടെ ചൈനയിലെ വുഹാനില്‍ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിച്ചു. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തിയത് ആശങ്ക വർധിപ്പിച്ചു. വൈറസ് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും വൈറസ് വ്യാപനം തുടച്ചുനീക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമത്തെ മാറ്റങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വുഹാനില്‍ നിന്ന് വ്യതസ്തമായി ജിലിന്‍, ഹെയ്‌ലോങ്ജിയാന്‍ പ്രവിശ്യകളിലെ രോഗികളില്‍ വൈറസ് ബാധ കൂടുതല്‍ സമയത്തേക്ക് നിലനിന്നുരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവാകാനും വൈകി. വൈറസ് ബാധയുള്ളവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും കാലതാമസമെടുക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി നേരത്തെ രോഗികളെ തിരിച്ചറിയുക എന്നുള്ളത് അധികൃതര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണെന്ന് വടക്കന്‍ മേഖലയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ ക്യു പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടുപ്രവിശ്യകളിലെ മൂന്നുനഗരങ്ങളിലായി 46 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വൈറസിനുണ്ടായ മാറ്റങ്ങള്‍ വ്യാപനം തടയുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.