1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2020

സ്വന്തം ലേഖകൻ: ലോകത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 4,749,575 ആയി. മരണം 313,791. 1,830,104 പേർക്കാണ് രോഗമുക്​തി. അതേസമയം യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്​. 1,507,773 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരുടെ എണ്ണം 90,113 ആയി.

കോവിഡ്​ മരണനിരക്കിൽ ബ്രിട്ടനാണ്​ തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ഇതോടെ ആകെ മരണം 34,466 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ​ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ ഇറ്റലിയെ മറികടന്നു​. ഒറ്റദിവസം 14,919 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. 816 പേർ മരണപ്പെടുകയും ചെയ്​തു.

സ്​പെയിനിൽ 276,505 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 27,563 ആളുകൾ മരിക്കുകയും ചെയ്​തു. ഇറ്റലിയിൽ 224,760 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31,763 പേർ മരണപ്പെടുകയും ചെയ്​തു. റഷ്യ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയാണ്​.

സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ശനിയാഴ്ച പത്ത് പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ മുന്നൂറ് പിന്നിട്ടു. ശനിയാഴ്ച മുവ്വായിരത്തിനടുത്താണ് പോസിറ്റീവ് കേസുകള്‍. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെ അതിവേഗത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. പത്ത് വിദേശികളടക്കം 302 പേരാണ് ഇതുവരെ മരിച്ചത്.

യുഎഇയിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 220 ആയി. 731 പേർക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 23,358 ആയി. 581 പേർക്ക് രോഗം പൂർണമായും ഭേദമായതോടെ രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 8,512 ആയി. 40,000 ലധികം പേരിൽ നടന്ന കോവിഡ് പരിശോധനയുടെ ഫലമയാണ് ഇത്രയും പുതിയ രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അബുദാബി ബനിയാസ് വെസ്​റ്റിലെ ബദരിയ ബഖാല വ്യാപാരി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് മഫ്റഖ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട് തലപ്പാടി സ്വദേശി അബ്ബാസും നേരത്തെ ഇവിടെ കൊവിഡ് മൂലം മരിച്ചിരുന്നു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 112 ആയി. ഇന്ന് 1048 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി.

ഖത്തറില്‍ പുതിയ രോഗികളുടെ എണ്ണവും രോഗം ഭേദമാകുന്നവരുടെ എണ്ണവും ഗണ്യമായി ഉയരുന്നു. പുതുതായി 1632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 32,604 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം 582 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഒറ്റ ദിനം ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിവസം കൂടിയാണിത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4370 ആയി. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള അവധി ഖത്തർ സർക്കാർ പ്രഖ്യാപിച്ചു. വരുന്ന പത്തൊമ്പത് ചൊവ്വാഴ്ച്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി. ഇത്തവണ മൊത്തം 12 ദിവസം അവധി ലഭിക്കും.

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിലെ 22ാമത്തെ കോവിഡ്​ മരണമാണിത്​. മരണപ്പെട്ടതിൽ രണ്ട്​ മലയാളികളടക്കം 14 പേർ വിദേശികളും എട്ടുപേർ സ്വദേശികളുമാണ്​.

ഒമാനിൽ ഇന്ന് 157 പേർക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 5186 ആയി. പുതിയ രോഗികളിൽ 76 പേർ വിദേശികളും 81 പേർ ഒമാനികളുമാണ്​. അസുഖം ഭേദമായവരുടെ എണ്ണം 1,465 ആയി ഉയർന്നു​. രണ്ട്​ മലയാളികളടക്കം 22 പേരാണ്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ മരണപ്പെട്ടത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.