1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്.82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത്‌ ബ്രസീലിലാണ്. 485 പേര്‍. ഫ്രാന്‍സിലും 485 മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ 15.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 90,000 കടന്നു. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 19,891 പേർക്കാണ്.

യുഎസ്സും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമര്‍ന്ന ഘട്ടത്തില്‍ റഷ്യയില്‍ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോടു കൂടി റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി.

ഇന്നിപ്പോള്‍ യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.82ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്പെയിന്‍ -2.78 ലക്ഷം, യുകെ- 2.45 ലക്ഷം, ബ്രസീല്‍- 2.41 ലക്ഷം ഇറ്റലി -2.25 ലക്ഷം, ഫ്രാന്‍സ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

കോവിഡ് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞത്.

കോവിഡ് വാക്‌സിന് വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളുമായാണ് ട്രംപ് താരതമ്യപ്പെടുത്തിയത്. സാഹചര്യം ഏതായാലും അമേരിക്കന്‍ ജനതയുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു.

കൊമേഴ്സ്യൽ ഡൈവിങ് പരിശീലനത്തിനു പോയി ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സൗത്ത് ആഫ്രിക്കൻ എയർലൈൻസ് ആവശ്യപ്പെടുന്നത് വൻതുക.ജൊഹാനസ്ബർഗിൽ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രാക്കൂലി 75000 രൂപയാണെന്നറിഞ്ഞതോടെ എങ്ങനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.ലോക്‌ഡൗണിനു മുൻപ് യാത്രാക്കൂലി 30000 രൂപയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു.

പെരുമ്പാവൂർ ഒക്കൽ തളിയത്ത് അലൻ ജോസഫ്, തേവര സ്വദേശി സുജിത് ഡെന്നി , വൈപ്പിൻ സ്വദേശി ധീരജ്.പി.ധർമരാജ് എന്നിവരാണ് മാർച്ച് 20 മുതൽ കുടുങ്ങിയത്. ജനുവരി 10നാണ് ഇവർ അവിടെയെത്തിയത്. മാർച്ച് 20ന് കോഴ്സ് തീർന്നു. 23ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണു സുഹൃത്തുക്കൾ കുടുങ്ങിയത്. കോഴ്സ് കഴിഞ്ഞയുടനെ ഇത്യോപ്യൻ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്‌ഡൗൺ മൂലം റദ്ദായി. പണം തിരികെ തരാൻ കഴിയില്ലെന്നാണു കമ്പനി പറയുന്നത്.

ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സൗത്ത് ആഫ്രിക്കൻ എയർലൈൻസ് 21നും 22 നും മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കുമാണു വിമാനം നിശ്ചയിച്ചിരിക്കുന്നത്. വെസ്റ്റേൺ കേപിലെ സ്ട്രാൻഡ് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്നു 14 മണിക്കൂർ യാത്ര ചെയ്താലാണ് ജൊഹാനസ്ബർഗ് വിമാനത്താവളത്തിലെത്താൻ കഴിയുന്നത്. ബസ് ചാർജും സ്വയം വഹിക്കണം. മുംബൈയിലെത്തിയാൽ എങ്ങനെ കേരളത്തിലെത്താൻ കഴിയുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.