1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2020

സ്വന്തം ലേഖകൻ: ലോകത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഒന്നാമതെത്തി. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ ബ്രസീല്‍ മാധ്യമങ്ങള്‍ തീരുമാനിച്ചു.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ കോവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രസിഡന്റ് വിഡ്ഢിയാണെന്നും രാജിവെച്ച് പുറത്തുപോകാനുമാണ് ബ്രസീലിയന്‍ സിറ്റി മേയര്‍ ആര്‍ജര്‍ വിര്‍ജിലിയോ നെതോ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണ് ബ്രസീലിലെ യഥാര്‍ഥ കോവിഡ് മരണങ്ങളെന്ന ആശങ്കയും വ്യാപകമാണ്.

രാജ്യത്ത് കോവിഡ് പരിശോധനകള്‍ കുറവാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നിട്ടും 21 കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ 3.91 ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളിലും മരണത്തിലും അമേരിക്കക്ക് പിന്നില്‍ രണ്ടാമതാണ് ബ്രസീല്‍. ഒരാഴ്ച്ചക്കുള്ളില്‍ നാലാം തവണയാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം ആയിരം കടക്കുന്നത്.

ലോകത്ത് 5,718,989 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 353,054 പേർ മരിച്ചു. 2,456,447 പേരാണ് രോഗമുക്തി നേടിയത്. അതിനിടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 1,729,998 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 100,755 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.

ട്രംപിന്റെ ട്വീറ്റിൽ ഫാക്ട് ചെക്കിം​ഗ് ലിങ്ക് ഉൾപ്പെടുത്തിയ ട്വിറ്ററിന്റെ നടപടിക്ക് പിന്നാലെ സോഷ്യൽ മീഡിയ തന്നെ അടച്ചുൂപൂട്ടുമെന്ന ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് രംഗത്തെത്തി.

“റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് സോഷ്യൽ മീഡിയ യാഥാസ്ഥികരുടെ സംഭാഷണങ്ങളെ നിശബ്ദമാക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഇത് സംഭവിക്കുന്നതിന് മുൻപ് ഞങ്ങൾ അവയ്ക്ക് ശക്തമായ നിയന്ത്രണങ്ങൾ വെക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യും,” ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെ തന്നെയായിരുന്നു ട്രംപിന്റെ പ്രതികരണം.

നേരത്തെ ‌ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളുടെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് ട്വിറ്റർ നിര്‍ദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി മെയില്‍-ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണ് എന്ന തരത്തിലുള്ള ട്രംപിന്റെ ട്വീറ്റിൽ ട്വിറ്റർ ഫാക്ട് ചെക്കിങ്ങ് ലിങ്ക് ഉൾപ്പെടുത്തിയിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ മെയില്‍-ഇന്‍ വോട്ടിംഗ് വിപുലീകരിക്കാനുള്ള ശ്രമം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിഷയത്തിൽ തെറ്റായ വിവരങ്ങൾ ട്രംപ് ട്വീറ്റ് ചെയ്തത്.

തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞിരുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.