1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകുമെന്ന് ഔദ്യോഗിക വാക്താവ് സെയ്ഫ് ആൽദാഹിരി പറഞ്ഞു.

പക്ഷെ, കൊവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്ക് ധരിച്ചിരിക്കണം, ഒത്തുചേരലുകൾക്കും, ഗൃഹസന്ദർശനങ്ങൾക്കും വിലക്ക് തുടരും. കാറിൽ മൂന്ന് യാത്രക്കാരിൽ കൂടുതൽ പാടില്ല. എന്നാൽ, ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും കാറിൽ യാത്രചെയ്യാം. കുട്ടികൾക്ക് എല്ലാ എമിറേറ്റുകളിലെയും മാളുകളിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുണ്ട്.

അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിൽ ഈ നടപടികൾ തുടരും. കൊവിഡ് നിയന്ത്രണവിധേയമായതോടെ അബൂദബി എക്സിബിഷൻ സെന്ററിൽ തുറന്ന ഫീൽഡ് ആശുപത്രി കൊവിഡ് മുക്തമായതായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇവിടെത്തെ സംവിധാനങ്ങൾ നിലനിർത്തും. മുസഫയിലെ പരിശോധനാ കേന്ദ്രവും പ്രവർത്തനം അവസാനിപ്പിച്ചു.

യുഎഇയിൽ ആകെ രോഗമുക്തർ 35,000 കടന്ന് മുന്നോട്ട്

കോവി‍ഡ് മുക്തരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്നലെ മാത്രം 760 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം ആകെ 35,165 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവി‍ഡ് ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചു. ആകെ മരണ സംഖ്യ 308. ഇന്ന് 430 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 46,563 ആയി. നിലവിൽ ചികിത്സയിലുള്ളത് 11090 പേർ. 49,000 പേർക്ക് പുതുതായി പരിശോധന നടത്തിയപ്പോഴാണ് 430 പേർക്ക് രോഗബാധ കണ്ടെത്തിയത്.

വന്ദേഭാരത് മൂന്നാം ഘട്ടത്തിൽ കുവൈത്തിന് അവഗണന

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈത്തിനെ ഒഴിവാക്കിയതിൽ പ്രവാസ ലോകത്ത് പ്രതിഷേധം. ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി നാട്ടിലേക്ക് പോകാനിരുന്ന ആയിരങ്ങളുടെ കാത്തിരിപ്പ് വെറുതെയായി. ഈ മാസം 14നു ശേഷം കേരളത്തിലേക്കു വന്ദേഭാരത് വിമാനം കുവൈത്തിൽനിന്ന് സർവീസ് നടത്തിയിട്ടില്ല.

പകരം സ്വകാര്യ എയർലൈനുകൾക്കാണ് ചാർട്ടേഡ് സർവീസിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ സ്വകാര്യ എയർലൈൻ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ്. കേരള സെക്ടറിലേക്കു എയർ ഇന്ത്യയെ തഴഞ്ഞ് സ്വകാര്യ എയർലൈന് മാത്രം സർവീസ് നടത്താൻ അനുമതി നൽകിയതാണ് പ്രതിഷേധത്തിന് കാരണം.

വന്ദേഭാരത് വിമാനങ്ങൾക്ക് 80–85 കുവൈത്ത് ദിനാറാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ചാർട്ടേ‍ഡ് വിമാന സർവീസിന് 110–130 ദിനാർ വരെയാണ് ഈടാക്കുന്നത്. ഇതിലൂടെ വൻ തുകയാണ് അധികമായി ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും പ്രവാസികൾ പറയുന്നു.

വന്ദേഭാരത് മിഷന്റെ ആദ്യ 2 ഘട്ടങ്ങളിലായി കുവൈത്തിൽനിന്ന് 13 വിമാനങ്ങളിലായി 2300ഓളം പേരാണ് കേരളത്തിലെത്തിയത്. ഒപ്പം 13 മൃതദേഹങ്ങളും കേരളത്തിൽ എത്തിച്ചു. ഓരോ സെക്ടറിലേക്കും ഒരു സീറ്റു പോലും ഒഴിച്ചിടാതെ നിറയെ യാത്രക്കാരുമായാണ് പറന്നത്. എന്നിട്ടും വന്ദേഭാരതിനെ ഒഴിവാക്കിയത് സ്വകാര്യ എയർലൈനുകളെയും ഇടനിലക്കാരെയും സഹായിക്കുന്ന നടപടിയാണെന്നാണ് ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.