1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇന്ന് വൈകുന്നേരത്തോടെ നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുതിയ 60 കേസുകളും 63 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 61 പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,523 ആയപ്പോൾ 38 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

യു എ ഇയിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണം 11 ആയി. ഏഷ്യൻ രാജ്യത്ത് നിന്നുള്ള പൗരനാണ് മരിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തേ അജ്മാനിൽ കണ്ണൂർ കോളയാട് സ്വദേശിയുടെ മരണം ബന്ധുക്കളും സഹപ്രവർത്തകരും സ്ഥിരീകരിച്ചിരുന്നു. ഇന്ന് 277 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 2,076 ആയി ഉയർന്നു.

പ്രവാസികൾക്കു വാർഷികാവധി നേരത്തേ എടുക്കാൻ യുഎഇ അനുമതി നൽകി. ശമ്പളമില്ലാത്ത അവധിയാക്കണോ എന്നു തൊഴിലുടമകൾക്കു തീരുമാനിക്കാം. നാട്ടിലുള്ള പ്രവാസികൾക്ക് അവധിയിൽ തുടരാം. യുഎഇയിൽ ഉള്ളവർക്കും അവധിയെടുക്കാം. എന്നാൽ, വിമാന സർവീസ് ഇല്ലാത്തതിനാൽ താമസസ്ഥലത്തു തന്നെ കഴിയേണ്ടി വരും. താമസ വീസാ കാലാവധി കഴിഞ്ഞവരുടെ വർഷാവസാനം വരെയുള്ള പിഴ ഒഴിവാക്കും.

24 മണിക്കൂര്‍ ലോക്ക് ഡൗണിനിടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ അവയുടെ ബില്ലുകളും രസീതുകളും സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഭക്ഷണം, മരുന്നുകള്‍ എന്നിവ വാങ്ങാനായി പുറത്തുപോകുന്നവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ തെളിവായി ബില്ലുകള്‍ ഹാജരാക്കേണ്ടിവരും. ഇതിന് പുറമെ റഡാറുകള്‍ വഴി ലഭിക്കുന്ന റിപ്പോര്‍ട്ടുകളിന്മേല്‍ അധികൃതര്‍ വിളിച്ചുവരുത്തി വിശദീകരണം തേടുമ്പോഴും അത്യാവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് തെളിയിക്കാനും ബില്ലുകള്‍ ആവശ്യമാവും.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുപോകാന്‍ അനുമതി. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കോ ഫാര്‍മസികളിലേക്കോ പോകാനായി ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് പുറത്തിറങ്ങാനാവുന്നത്. 24 മണിക്കൂര്‍ ശുചീകരണ യജ്ഞത്തോട് എല്ലാവരും സഹകരിക്കണമെന്ന് ദേശീയ ദുരന്തനിവാരണ വിഭാഗം അഭ്യര്‍ത്ഥിച്ചു. നിയമലംഘകര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും.

റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളെയും ക്യാമറകളും റഡാറുകളും രേഖപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്ന് അവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോയവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. പുറത്തുപോയത് അത്യാവശ്യങ്ങള്‍ക്കാണെന്ന് ആ ഘട്ടത്തില്‍ തെളിയിക്കേണ്ടിവന്നേക്കും. അവശ്യകാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നവര്‍ മാസ്ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് കൃത്യമായ അകലം പാലിക്കുകയും വേണം.

കുവൈത്തിൽ 60 ഇന്ത്യക്കാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 225 ആയി. മൊത്തം രോഗബാധിതർ 665. ഇതിൽ ഒരാൾ മരണപ്പെട്ടു.

ഒമാനിൽ 33 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി ഉയർന്നു. ഇതിൽ മസ്കത്ത് മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേർ മരണപ്പെട്ടു. 61 പേർ ഇതിനകം സുഖം പ്രാപിക്കുകയും ചെയ്തു. ഒമാനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ് തിങ്കളാഴ്ചയിലേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.