1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് പുതുതായി 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവി‍ഡ് ബാധിച്ചവരുടെ എണ്ണം 2932 ആയി. 2260 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 16 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 631 ആയി. ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. നിലവില്‍ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 41 ആണ്.

സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഇന്ന് ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള തിയതികള്‍ക്കിടയില്‍ കാലാവധിയുള്ള എല്ലാ റീ എന്‍ട്രി വിസകളും സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. ഇതിന് ഫീസുകളോ മറ്റു നടപടിക്രമങ്ങളോ ഇല്ല. എല്ലാവരുടേയും അബ്ഷീറില്‍ വരും ദിവസങ്ങളില്‍ കാലാവധി നീട്ടി ലഭിക്കും.

സൌദിയില്‍ സാന്പത്തിക കുറ്റകൃത്യ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാനും സല്‍മാന്‍ രാജാവ് ഇന്നലെ ഉത്തരവിട്ടിരുന്നു. രാജ്യത്തെ ജയിലുകള്‍ സാമ്പത്തിക കുറ്റങ്ങളുടെ ഭാഗമായി തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ഉത്തരവില്‍ പറയുന്നു. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും പുതിയ സാഹചര്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

സൌദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്പതില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം. സ്വദേശി സ്ഥാപന ഉടമസ്ഥനടക്കം ഒന്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കുക.

യു എ ഇയിൽ 300 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയി. 53 പേർക്ക് രോഗം പൂർണമായും ഭേദമായിട്ടുണ്ട്. മൊത്തം രോഗവിമുക്തർ ഇതോടെ 239 ആയി. സാധാരണ കോവിഡ് കേസുകളിൽ ഒരുമാസത്തിനുള്ളിൽ രോഗം ഭേദമാകുന്നുണ്ട്. എന്നാൽ ചില കേസുകളിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്. രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തിൽ വലിയ അന്തരം നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ശക്തമായ മുൻകരുതലുകൾ രോഗപ്രതിരോധത്തിന് വേണ്ടി വരും. കൈയുറകളും മാസ്കും ധരിക്കുന്നത് പതിവാക്കണം. പരമാവധി എല്ലാവരും വീട്ടിൽ തുടരണമെന്നും ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല. മലയാളി കേന്ദ്രമായ അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് ഷുയൂഖിന് പുറമെ മഹ്‌ബൂലയിലുമാണ് ഇന്നലെ തൊട്ട് ലോക്ഡൗൺ പ്രാബല്യത്തിൽ വന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലോക്ഡൗൺ കാലത്ത് ഈ മേഖലയിലുള്ളവർക്ക് പുറത്ത് കടക്കാൻ കഴിയില്ല. മേഖലയ്ക്ക് പുറത്തുള്ളവർക്ക് അവിടേക്ക് പ്രവേശിക്കാനും സാധ്യമല്ല. പ്രത്യേക പാസുള്ളവർക്ക് മാത്രമാകും പ്രവേശനം.

സ്വദേശി പാർപ്പിട മേഖലയിൽ വിദേശി ബാച്​ലർ താമസത്തിനെതിരെ നടപടി കടുപ്പിച്ച് കുവൈത്ത് സിറ്റി മുനിസിപ്പാലിറ്റി. വിവിധ വകുപ്പുകൾ എകോപിപ്പിച്ച് രൂപീകരിച്ച സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ 6 ഗവർണറേറ്റുകളിലും സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചു. ജഹ്‌റ ഗവർണറേറ്റിൽ ബാച്‌‌‌ലർമാർ താമസിക്കുന്ന 12 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഖത്തറില്‍ 153 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി വിദേശത്ത് നിന്ന് ഖത്തറിൽ എത്തിയവര്‍, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, വിദേശി തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2210 ആയി.
ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ബഹ്‌റൈനിൽ അനധികൃതരായി കഴിയുന്നവർക്ക് ഇഖാമ നിയമസാധുതയുള്ളതാക്കാൻ 9 മാസം കൂടി അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫയുമായി ടെലിഫോണിൽ സംസാരിച്ചു. 26 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 749. ചികിത്സയിലുള്ളവർ 294. സുഖപ്പെട്ടവർ 458. ഗുരുതരാവസ്ഥയിൽ 4, മരണം 4.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.