1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2020

സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്കു മാറ്റുന്നത് നിർത്തിവച്ച് സൗദി. യോഗ്യതയ്ക്കനുസരിച്ച് താൽപര്യമുള്ള മേഖലകളിലേക്ക് ജോലി മാറാനുള്ള ആനുകൂല്യം നിർത്തുന്നത് മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ബാധിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളവ് നിലവിൽ വന്നത്. പലരും ജോലി മാറാൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്.

സൌദിയിലെ റിയാദില്‍ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് വിമാനമുണ്ടാകും. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചക്ക് ഒന്നരക്കാണ് വിമാനം റിയാദില്‍ നിന്നും പുറപ്പെടുക. ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ അറിയിക്കും. അടിയന്തിര ആവശ്യമുള്ളവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ എംബസിയില്‍ നിന്നും വിവരമറിയിക്കും. ഇതിന് ശേഷം എയര്‍ഇന്ത്യ വഴി ടിക്കറ്റെടുത്ത് നാടണയാം. ഇതൊടൊപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന റിയാദ് വിജയവാഡ വിമാനം പുറപ്പെടുന്നത് ഒരു ദിവസം നേരത്തെയാക്കി. നേരത്തെ മെയ് 23നാണ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം സൌദിയില്‍ 24 മണിക്കൂര്‍ ലോക് ഡൌണ്‍ തുടങ്ങുന്നതിനാല്‍ വിമാനം 22 ലേക്ക് മാറ്റിയിട്ടുണ്ട്.

യുഎഇ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യു എ ഇയിൽ നിയന്ത്രണം കൂടുതൽ കർശനമാകുന്നു. ഇന്ന് മുതൽ വ്യവസായ മേഖലയിലും, ലേബർക്യാമ്പ് പരിസരങ്ങളിലും 12 മണിക്കൂർ നിയന്ത്രണം നിലവിൽ വരും. വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാൻ പാടില്ല. ദേശീയ അണുനശീകരണ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര മന്ത്രാലയവും, തൊഴിൽമന്ത്രാലയവും സംയുക്തമായാണ് നിന്ത്രണം പ്രഖ്യാപിച്ചത്.

കുവൈത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 804 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 17568 ആയി. പുതിയ രോഗികളിൽ 261 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5667 ആയി. 24 മണിക്കൂറിനിടെ ഒരു മലയാളി ഉൾപ്പെടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 124 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3618 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 256314 സ്വാബ് ടെസ്റ്റുകൾ നടത്തി. പുതുതായി 204 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ4885 ആയി. നിലവിൽ 12559 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ നിന്ന് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റിന്റെ മാൻ‌പവർ റിസോഴ്സസ് കമ്മിറ്റി ചെയർമാൻ ഖലീൽ അൽ സാലെ. അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്റ് എത്രയും വേഗം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഖത്തർ

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം ഒരു മരണം കൂടി. 62 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. നേരത്തെ തന്നെ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കോവിഡ് കൂടി ബാധിച്ചതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം പതിനാറായി.

അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ രാജ്യം വീണ്ടും റെക്കോര്‍ഡ് കുറിച്ചു. 966 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. പുതുതായി 1492 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 37097 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.