1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2020

സ്വന്തം ലേഖകൻ: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് അനുവദിക്കുന്ന മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴകള്‍ ജൂണ്‍ 22ന് മുമ്പ് അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി. 35 ശതമാനം ഇളവ് അനുവദിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും. 60 ദിവസത്തിന് ശേഷമാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനമായിരിക്കും ഇളവ്. ഈ വര്‍ഷാവസാനം വരെ ഈ ഇളവ് ലഭിക്കും. അടുത്ത വര്‍ഷം ആദ്യം മുതല്‍ മുഴുവന്‍ തുകയും അടയ്ക്കേണ്ടിവരുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

പൊതുവാഹനങ്ങളുടെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെയും സമയം ആർടിഎ പുനഃക്രമീകരിച്ചു. മെട്രോ, ബസ്, ട്രാം, ജലയാനങ്ങൾ, ടാക്സി സർവീസ് സമയം മാറി. അണുനശീകരണ സമയം രാത്രി 8 മുതൽ പുലർച്ചെ 6 വരെയാക്കിയതിനെ തുടർന്നാണിത്. മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 7ന് സർവീസ് ആരംഭിച്ച് രാത്രി 9ന് അവസാനിപ്പിക്കും.

യുഎഇയിൽ കോവിഡ് ബാധിച്ച് 6 പേർ കൂടി മരിച്ചു. മരണ സംഖ്യ 233. പുതുതായി 941 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 26,004 ആയി ഉയർന്നു. 1,018 പേർ കൂടി രോഗ മുക്തി നേടിയതടക്കം 11,809 പേർ രോഗം മാറി ആശുപത്രി വിട്ടു. രോഗബാധിതർ 26,004, സുഖപ്പെട്ടവർ 11,809, മരണം 233.

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. ഇതിൽ പകുതിയിലേറെ പേരും രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 10 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 339. പുതുതായി 2691 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 62545. ഇന്നലെ 1844 പേർ രോഗമുക്തി നേടി.

റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ചു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്.

കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണ് ലാലി.

ദമ്മാമില്‍ രണ്ടു ദിവസം മുമ്പ് കാസര്‍കോട് സ്വദേശി മരിച്ചതും കോവി‍ഡ് ബാധിച്ചതാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൌദിയില്‍ കോവി‍ഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.

ഒമാനിൽ 3 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 29 ആയി. മരിച്ചവരിൽ 2 മലയാളികളടക്കം 19 വിദേശികളും 10 സ്വദേശികളും ഉൾപ്പെടുന്നു. ഇന്നലെ 372 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 220 വിദേശികളും 152 സ്വദേശികളുമാണ് രോഗബാധിതരായത്. ആകെ രോഗബാധിതർ 6043. 1661 പേർ സുഖം പ്രാപിച്ചു.

അതേസമയം, ഒമാനിലെ രോഗബാധിതരിൽ 83 ശതമാനവും 15– 50നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ സെയിഫ് അൽ ഹൊസ്നി പറഞ്ഞു. രാജ്യത്ത് ഇതുവരെ 72,000ൽ ഏറെ കോവിഡ് പരിശോധനകൾ നടത്തി. 111 രോഗികൾ ആശുപത്രിയിലുണ്ട്. ഇതിൽ 30 പേർ വെന്റിലേറ്ററിലും 33 പേർ ഐസിയുവിലുമാണ്.

കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17568 ആയി. പുതുതായി 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യക്കാർ 5667. 3 പേർ മരിച്ചു.മരണം 124. രോഗമുക്തർ 4885. ഫീൽഡിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സ്മാർട്ട് ഹെൽമെറ്റ് നൽകുന്ന പദ്ധതി കുവൈത്ത് ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. രാജ്യത്ത് കണ്ടുപിടുത്തങ്ങളെ സഹായിക്കുന്നതിനായുള്ള സംഘത്തിലെ അംഗം കൂടിയായ മുബാറക് അൽ താഹിറിൻ‌റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം പുതിയ മാസ്ക് നിർമിച്ചത്. ഉയർന്ന സുരക്ഷ ഉറപ്പുനൽകുന്നതാണ് മാസ്ക് എന്ന് താഹിർ പറഞ്ഞു. 1000 മാസ്ക് ദിവസവും നിർമിക്കാനാണ് പരിപാടി. ആവശ്യത്തിനനുസരിച്ച് ഉത്പാദനം വർധിപ്പിക്കും.

ഖത്തറില്‍ നാളെ മുതല്‍ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ സ്മാര്‍ട് ഫോണില്‍ ഇഹ്‌തെറാസ് ആപ്ലിക്കേഷന്‍ നിര്‍ബന്ധം. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷ കനക്കും.

കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മേയ് 22 മുതല്‍ രാജ്യത്ത് ഇഹ്‌തെറാസ് ആപ്പ് നിര്‍ബന്ധമാക്കിയത്. ഉത്തരവ് ലംഘിച്ചാല്‍ പകര്‍ച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും.

സ്മാര്‍ട് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്നും സൗജന്യമായി തന്നെ ഇഹ്‌തെറാസ് ഡൗണ്‍ലോഡ് ചെയ്യാം. ഇഹ്‌തെറാസ് ഉപയോഗിക്കുന്നതിനുള്ള ഡാറ്റ വൊഡാഫോണ്‍, ഉറീഡു എന്നിവ സൗജന്യമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.