1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2020

സ്വന്തം ലേഖകൻ: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പയ്യന്നൂര്‍ പത്തനം തിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള അജ്മാനില്‍ വെച്ചാണ് മരിച്ചത്. ഏപ്രില്‍ 26 മുതല്‍ അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഷാര്‍ജയില്‍ വെച്ചാണ് തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ കൊവിഡ് മൂലം മരിച്ചത്. നാലു മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ വന്ന് മടങ്ങിയത്. 28 വയസ്സുകാരനായ പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായില്‍ വെച്ചാണ് മരിച്ചത്. ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 98 ആയി. ഗൾഫിൽ പെരുന്നാളിന്‍റെ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകൾക്കും കർശന വിലക്ക് ഏർപ്പെടുത്തി.

സൌദി അറേബ്യ

മരണ സംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദിയിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. 10 മരണം കൂടി റിപ്പോർട്ട് ചെയ്ത ഇന്നലെ മരണസംഖ്യ 364 ആയി. രോഗികളുടെ എണ്ണമാകട്ടെ 65,000 കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 67,719 പേർക്കാണ് രോഗബാധ.

യു.എ.ഇ

യു.എ.ഇയില്‍ ആകെ 26,898 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 12,755 പേര്‍ രോഗമുക്തി നേടിയപ്പോൾ 237 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുവൈത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 955 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 19564 ആയി. പുതിയ രോഗികളിൽ 319 പേർ ഇന്ത്യക്കാർ ആണ്. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6311 ആണ്. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 138 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ പതിവ് രീതിയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് ആലോചനകൾ തുടങ്ങി. ബന്ധപ്പെട്ട അധികൃതരുടെ അനുമതികൾ പൂർത്തിയാകുന്നതോടെ 3 ഘട്ടമായാകും സർവീസ് പൂർണരൂപത്തിൽ പുനഃസ്ഥാപിക്കുകയെന്ന് വ്യോമയാന വിഭാഗം വക്താവ് സ‌അദ് അൽ ഉതൈബി പറഞ്ഞു.

ആദ്യഘട്ടത്തിൽ ജിസിസി, മധ്യപൂർവ രാജ്യങ്ങളിലേക്കാകും സർവീസ്. മൊത്തം സർവീസിന്റെ 30% ആണ് അത്. രണ്ടാംഘട്ടത്തിൽ അറബ് രാജ്യങ്ങളിലേക്ക് കൂടി സേവനം തുടങ്ങുന്നതോടെ 60% ആകും. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച് സർവീസ് 100% ആക്കും.
കർശന ആരോഗ്യ നിയന്ത്രണങ്ങളോടെയാകും വിമാനത്താവളം പ്രവർത്തിക്കുക. സാമൂഹിക അകലം, തെർമൽ ക്യാമറ ഉപയോഗം, വിമാനത്തിനകത്തെ മുൻ‌കരുതലുകൾ എന്നിവയെല്ലാം ഉറപ്പാക്കും.

ഖത്തർ

കോവിഡ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ന് രണ്ട് പേർ കൂടി മരിക്കുകയും 1830 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 19 ആയി. ആകെ രോഗികൾ 40,000 കടന്നു. 605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവർ 7893 ആയി. പുതുതായി 13 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.