1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. ബഹുനില പാര്‍ക്കിങ് സ്ഥലങ്ങളിലൊഴികെയുള്ള പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങാണ് സൗജന്യമാക്കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളായ മെയ് 23 മുതല്‍ 26 വരെയാണ് പാര്‍ക്കിങ് സൗജന്യമാക്കിയത്. മെയ് 27 മുതല്‍ പാര്‍ക്കിങ് ഫീസുകള്‍ പുനരാരംഭിക്കുമെന്ന് ആര്‍ടിഎ ട്വീറ്റ് ചെയ്തു.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (40), സാം ഫെര്‍ണാണ്ടസ് (55) എന്നിവര്‍ ആണ് ജുബൈലില്‍ വെച്ച് മരിച്ചത്. ചാലിപ്പറമ്പ് നാരായണന്‍-ശാന്ത ദമ്പതികളുടെ മകനാണ് പ്രമോദ് മുണ്ടാണി. പനിയും ശ്വാസം മുട്ടലും കാരണം ഇദ്ദേഹത്തെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെക്കാനിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ പ്രസാദ് മുണ്ടാണിയും ജുവൈലില്‍ ഉണ്ട്. ഭാര്യ ഉഷ, രണ്ട് പെണ്‍മക്കളുണ്ട്.

കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് ജുവൈല്‍ ജനറല്‍ ആശുപത്രിയില്‍ 12 ദിവസമായി ചികിത്സയിലായിരുന്നു. 17 വര്‍ഷമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഭാര്യ ജോസഫൈന്‍ മക്കള്‍: രേഷ്മ, ഡെയ്‌സി. നേരത്തെ മണ്ണാര്‍ക്കാട് സ്വദേശി ജമീഷ് (25) ഇന്ന് ഗള്‍ഫില്‍ ദുബായില്‍ വെച്ച് മരിച്ചിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 103 ആയി.

ഒമാനിൽ പൊതുസ്ഥലങ്ങളിലും വാണിജ്യ-വ്യാപാര കേന്ദ്രങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ 20 റിയാൽ (3,900 രൂപയിലേറെ) പിഴ. വിവാഹ വിരുന്നുകളടക്കമുള്ള ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 1,500 റിയാലും പങ്കെടുക്കുന്ന ഓരോരുത്തർക്കും 100 റിയാലും പിഴ ചുമത്തും. നിരീക്ഷണം കൂടുതൽ ഊർജിതമാക്കാനും നടപടികൾ കർശനമാക്കാനും കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള പരമോന്നത സമിതി തീരുമാനിച്ചു.

നിയമലംഘകർക്കു പിഴയ്ക്കു പുറമേ മറ്റു നിയമനടപടികളും ഉണ്ടാകും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം പരിശോധന നടത്താൻ അനുവാദമുണ്ട്. പിഴ തുക കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക ഫണ്ടിലേക്കു വകയിരുത്തുമെന്നും വ്യക്തമാക്കി.

കുടുംബാംഗങ്ങളല്ലാത്ത അഞ്ചോ അതിലേറെയോ പേർ ഒത്തുകൂടിയാൽ നിയമലംഘനമായി കണക്കാക്കും. വ്യക്തികൾ തമ്മിൽ അകലം പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണം. 2 മീറ്റർ അകലം നിർബന്ധമായും പാലിക്കണം.

തൊഴിൽ നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കൊറോണ മൂലവും ദുരിതമനുഭവിക്കുന്ന മക്കയിലെ ഇന്ത്യക്കാരെ ഇന്ത്യൻ കോൺസുലേറ്റ് തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. ഭക്ഷണവും സഹായവും ലഭിക്കാതെ പലരും കടുത്ത പ്രതിസന്ധിയിലാണ്. ഈ വിഷയത്തിൽ സർക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മക്ക ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ 21 സന്നദ്ധ സംഘടനകൾ ജിദ്ദയിലെ കോൺസുൽ ജനറൽ, റിയാദിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി, എംപിമാർ, തുടങ്ങിയവർക്ക് നിവേദനം നൽകി.

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കൊറോണ ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മക്കയിലാണ്. 12500 ലധികം പേർക്കാണ് ഇവിടെ രോഗബാധ. നിരവധി പേർ മരിച്ചു. ഒരുപാട് ഇന്ത്യക്കാർ മക്കയിലെ വിവിധ ആശുപത്രികളിലും ക്വാറന്റീൻ സെന്ററുകളിലും കഴിയുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 20464 ആയി. പുതിയ രോഗികളിൽ 264 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6575 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 148 ആയി.

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 55 ഉം 38 ഉം വയസ്സുള്ള വ്യക്തികളാണ് മരിച്ചത്. ഇതോടെ ആകെ മരണം 21 ആയി. പുതുതായി 1732 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 42,213 ആയി. അതെ സമയം 620 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ 8513 ആയി. പതിനാറ് പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 1694 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും.

ബഹ്റൈനിൽ വെള്ളിയാഴ്ച 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 139 പേർ പ്രവാസികളാണ്. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 3 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 4306 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. 8414 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 4096 പേർ രോഗമുക്തി നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.