1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2020

സ്വന്തം ലേഖകൻ: ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും 2 നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്, 63. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്.

അബൂദബിയില്‍ രണ്ട് പേരും കുവൈത്തില്‍ ഒരാളുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂര്‍ കാട്ടൂര്‍ സ്വദേശി കാട്ടിലപ്പീടികയില്‍ ഫിറോസ് ഖാന്‍ (45) അബൂദബിയില്‍ മരിച്ചു. അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനിലും അബൂദബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. അബൂദബി മുസഫയിലെ സൺറൈസ് സ്‌കൂൾ അധ്യാപകനായിരുന്നു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി ചോലക്കര വീട്ടിൽ ബദറുൽ മുനീറാണ്(38) കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

അതിനിടെ, സൗദിയിൽ കോവിഡ് രോഗികൾ 70,161 ആയി. ഇന്നലെ 15 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 379. സുഖപ്പെട്ടവർ: 41,236 യുഎഇയിൽ പെരുന്നാൾ അവധി പ്രമാണിച്ച് അബുദാബിയിലെ കോവിഡ് പരിശോധനാകേന്ദ്രങ്ങൾ അടച്ചു. രോഗികൾ: 27,892, സുഖപ്പെട്ടവർ: 13,798, മരണം: 241.

കുവൈത്തിൽ 6575 ഇന്ത്യക്കാരുൾപ്പെടെ കോവിഡ് രോഗികൾ 20,064 ആയി. 10 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 148. രോഗമുക്തർ 5,747. ഒമാനിൽ രോഗികൾ 7,257. മരണം 35. സുഖപ്പെട്ടവർ 1,848. ബഹ്റൈനിൽ രോഗികൾ: 8,774. സുഖപ്പെട്ടവർ 4,462. മരണം: 12.

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. 66,53 വയസ്സുള്ള വ്യക്തികളാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ മൊത്തം മരണ സംഖ്യ 23 ആയി. പുതുതായി 1501 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.‌ ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 43,714 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.