1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32) ജുബൈലില്‍ ആണ് മരിച്ചത്.

ഇന്നത്തെ അഞ്ചു മരണത്തോടെ കോവിഡ് ബാധിച്ച് സൌദിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഇതിനു പുറമെ, തൃശൂര്‍ ഏറിയാട് സ്വദേശി ശമീര്‍ കാവുങ്ങല്‍ (42) റിയാദില്‍ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സ്രവ പരിശോധന ഫലം വന്നാല്‍ മാത്രമേ കോവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ.

മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് മകൻ എ.കെ.അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്. 53 വയസ്സായിരുന്നു. സാംസങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലാണ് മരണപ്പെട്ടവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംങ്ഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി 32-കാരനാണ്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സ്വകാര്യ ക്ലിനിക്കില്‍ ചികില്‍ തേടിയ ഷാനവാസിന് ഇന്നലെ വൈകിട്ടോടെ അസൂഖം മൂര്‍ച്ചിക്കുകയായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്.

കുവൈത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ195 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 200 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 130 പേർക്കും അഹമ്മദിയിൽ നിന്നുള്ള 190 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 90 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2723 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 273812 സ്വാബ് ടെസ്റ്റുകൾ നടത്തി. പുതുതായി 504 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 6621 ആയി. നിലവിൽ 15181 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 182 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തർ

ഖത്തറില്‍ കോവിഡ് രോഗം മൂലം മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 52,62,65 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26 ആയി. പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ 45,465 ആയി

അതെ സമയം രോഗം ഭേദമായവരുടെ എണ്ണം റെക്കോര്‍ഡ് കടന്നു. 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ പതിനായിരം പിന്നിട്ടു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. പുതുതായി 295 പേരെ കൂടി വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൊത്തം 202 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.