1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ സൗദി അറേബ്യ. മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും.

എന്നാല്‍ മക്കയിലും മദീനയിലും ഉള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും. അതിനിടെ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയിലെ റിയാദില്‍ മരിച്ചു. ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം ആണ് മരിച്ചത്. 44 വയസായിരുന്നു.

യുഎഇ

യുഎഇയിൽ കോവിഡ്–19 ബാധിച്ചു ഇന്ന് (ചൊവ്വ) 3 മലയാളികൾ മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പ്(31), കാസർകോട് ബേക്കല്‍ പള്ളിപ്പുഴചട്ടഞ്ചാല്‍ വടക്കേപറമ്പ് അമ്പത്തി അഞ്ചാം മൈല്‍ സ്വദേശി ഇസ്ഹാഖ് അബ്ദുൽ റഹ്മാൻ (44), അടൂർ തെങ്ങമം സ്വദേശി ജെ.ജയചന്ദ്രൻ നായർ (51) എന്നിവരാണ് അബുദാബിയിൽ മരിച്ചത്.

ഷിബു രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. രണ്ടാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ച് റസീൻ ക്യാംപിൽ ക്വാറൻറീനിൽ കഴിയവെയാണ് ഇസ്ഹാഖ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായിരുന്ന ജയചന്ദ്രൻ നായർ രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്നു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 73 ആയി.

അതിനിടെ ദുബായില്‍ രാത്രികാല നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് അറിയിപ്പുണ്ട്. പെരുന്നാൾ അവധിക്ക് ശേഷം പൊതുജീവിതവും വാണിജ്യവും സാധാരണനിലയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ബുധനാഴ്ച മുതൽ ദുബൈ എമിറേറ്റിൽ രാവിലെ ആറിനും രാത്രി 11 നും ഇടയിൽ സഞ്ചാര നിയന്ത്രണമുണ്ടാവില്ല. രാത്രി പതിനൊന്ന് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം തുടരും.യാത്രാവിലക്കില്ലാത്ത സമയങ്ങളിലും പുറത്തിറങ്ങാൻ മാസ്കും, ഗ്ലൗസും നിർബന്ധമാണ്. സാമൂഹിക അകലവും കർശനമായി പാലിക്കണം.

കുവൈറ്റ്

കുവൈറ്റും 24 മണിക്കൂര്‍ കര്‍ഫ്യൂ ഇനി പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 608 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 22575 ആയി. പുതിയ രോഗികളിൽ 200 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7230 ആയി.

24 മണിക്കൂറിനിടെ 7 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. 172 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതിൽ ഇന്ന് മരിച്ച ഒരു മലയാളിയും ഉൾപ്പെടും. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത്‌ (62) ആണു മരിച്ചത്. മെയ് 20 മുതൽ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായ അജയൻ.

ഖത്തർ

ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തില്‍ തുടരവെ ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ക്യൂസിസി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഖത്തറിൽ പുതുതായി 1742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 47,207 ആയി. അതേസമയം അസുഖം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നത് ആശ്വാസകരമാണ്. 1481 പേര്‍ക്കാണ് പുതുതായി അസുഖം ഭേദമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.