1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഇത് പ്രകാരം പുറത്തിറങ്ങുന്നവ്യക്തികള്‍ മുഖവും വായും അവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട ശിക്ഷയായി പരിഗണിക്കും. ആയിരം റിയാലാണ് പിഴ ചുമത്തുക. വ്യക്തികള്‍ തന്നെ ഈ പിഴ അടക്കേണ്ടി വരും. രണ്ടാം തവണയും മാസ്കില്ലാതെ പിടികൂടിയാല്‍ പിഴ ഇരട്ടിയാകം.

ഷോപ്പിംഗ് സെന്ററുകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് തടയുക, പരിശോധനയില്‍ കൂടിയ താപ നില രേഖപ്പെടുത്തിയാല്‍ തുടര്‍ പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക എന്നിവയും ആയിരം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.

സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക, നിശ്ചിത ഇടങ്ങളില്‍ സാനിറ്ററൈസര്‍ ലഭ്യമാക്കുക, ജീവനക്കാര്‍ മാസ്‌കും കയ്യുറയും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു.

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി അജയന്‍ പത്മനാഭന്‍, പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശികുമാർ എന്നിവർ കുവൈത്തിലും പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാലില്‍ ദുബായിലുമാണ് മരിച്ചത്. ഇതോടെ 148 മലയാളികളടക്കം ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 1013 ആയി.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 2,16,321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് സൌദിയിലാണ്. 458 പേരാണ് സൗദിയില്‍ മരിച്ചത്. വന്ദേഭാരത് മൂന്നാം ഘട്ടത്തിൽ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ പ്രവാസി മലയാളികള്‍ ഇന്ന് നാട്ടിലെത്തും. മക്കയില്‍ രണ്ട് ഘട്ടങ്ങളായി കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യൻ അധികൃതർ അനുമതി നൽകിത്തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളിൽ പ്രതീക്ഷയേറി. നിലവിൽ ചാർട്ടർവിമാനങ്ങൾ സർവീസ് നടത്തിയതെല്ലാം ഉത്തരേന്ത്യയിലേക്കാണ്. ചാർട്ടർ വിമാനങ്ങൾ സംബന്ധിച്ച് മുൻപുണ്ടായ ചില അവ്യക്തതകൾ നീക്കി കഴിഞ്ഞദിവസം വ്യോമയാന മന്ത്രാലയം ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾക്ക് അനുബന്ധമായി ഇന്നലെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും നിർദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ 3 ദിവസങ്ങളിൽ 9 ചാർട്ടർ വിമാനങ്ങളിലായി 1568 പേരെ ഇന്ത്യയിലെത്തിച്ചതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ഇന്നലെ വിവിധ കമ്പനികൾ അഹമ്മദാബാദ്, അമൃത്സർ, വാരാണസി സെക്ടറിലേക്കു ചാർട്ടർ ചെയ്ത വിമാനത്തിൽ 564 പേരാണു യാത്ര തിരിച്ചത്. കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ, അൽ മദീന ഗ്രൂപ്പ് തുടങ്ങിയവരാണ് നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങൾ നടത്തിയിട്ടുള്ളത്.

കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കു മാത്രമേ ചാർട്ടേഡ് വിമാനത്തിൽ പോകാനാകൂ. വിമാനം ഏർപ്പെടുത്തുന്ന സംഘടനകൾ നിശ്ചിത മാതൃകയിൽ യാത്രക്കാരുടെ പേരുവിവരം കോൺസുലേറ്റിൽ നൽകണം. ഏഴു ദിവസം മുൻപെങ്കിലും അപേക്ഷ നൽകിയിരിക്കണം. കേന്ദ്രസർക്കാർ അനുമതി നേടാനാണിത്. ഇതിനു പുറമേ സംസ്ഥാന സർക്കാരിന്റെ അനുമതിയും സംഘാടകർ വാങ്ങണം. സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.