1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2020

സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിലുണ്ടായ നിശ്ചലാവസ്ഥയെ തുടർന്ന് സാമ്പത്തിക രംഗം ഉണരുമ്പോൾ പൊതുജനങ്ങളും കമ്പനികളും സ്ഥാപനങ്ങളും ഉത്തരവാദിത്തം നിറവേറ്റാൻ ശ്രദ്ധിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ വീണ്ടും ഒാഫീസുകളിലെത്തിയ ആദ്യദിനമായ ഇന്ന് നടന്ന വെർച്വൽ മന്ത്രിസഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“നമ്മൾ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനം. അതേസമയം, സാമ്പത്തിക രംഗത്തെ തുടർച്ചയും നമ്മുടെ പ്രായോഗിക ലക്ഷ്യമാണ്. ജീവിതം മുന്നോട്ടുപോവുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടും. നമുക്ക് ലഭിച്ച അനുഭവങ്ങൾ നമ്മളെ കരുത്തരാക്കിയിരിക്കുന്നു. കൂടുതൽ വേഗം മുന്നോട്ടു കുതിക്കാനുള്ള പ്രചോദനവും ലഭിച്ചു. ഭാവിയെ നേരിടുക പുതിയ ആവേശത്തോടെയും ചിന്തകളോടെയുമായിരിക്കും. കൂടുതൽ ഉർജസ്വലതയോടെ സുഗമമായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും,” ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അടച്ചിടലില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇയിലെ എമിറേറ്റുകളിലൊന്നായ അജ്മാന്‍. സിനിമാ തിയറ്റുകള്‍, ജിംനേഷ്യങ്ങള്‍, ഫിറ്റ്‌നസ് ക്ലബ്ബുകള്‍, കുട്ടികളുടെ സലൂണുകള്‍, വാലറ്റ് പാര്‍ക്കിങ്, കാര്‍-വാഷിങ് സേവനം എന്നിവയുടെ പ്രവര്‍ത്തനം മൊത്തം ശേഷിയുടെ 50 ശതമാനത്തില്‍ ഇന്ന് പുനഃരാരംഭിക്കാം.

ചില്ലറ, മൊത്തവ്യാപാര മേഖലകള്‍ക്കു മൊത്തം ശേഷിയുടെ 70 ശതമാനത്തില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം 70 ശതമാനമായി ഉയര്‍ത്തി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പ്രകാരമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക വികസന വകുപ്പാ (ഡിഇഡി-അജ്മാന്‍)ണ് ഇക്കാര്യം അറിയിച്ചത്.

പ്രോട്ടോക്കോളുകള്‍ പ്രകാരം 60നു മുകളിലും 12നു താഴെയും പ്രായമുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും സന്ദര്‍ശിക്കാന്‍ അനുവദിക്കും. മാളുകളും ഹോട്ടലുകളും ഉള്‍പ്പെടെ നിയുക്ത സ്ഥലങ്ങളില്‍ വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ നല്‍കും. ഇത്തരം സ്ഥാപനങ്ങളിലെ വിദേശത്തുനിന്ന് എത്തുന്ന ജീവനക്കാര്‍ ജോലി പുനരാരംഭിക്കുന്നതിന് മുമ്പ് സ്വയം ക്വാറന്റൈന്‍ പ്രോട്ടോക്കോളുകള്‍ പാലിക്കണം. കോവിഡ് -19 പരിശോധന നടത്തുകയും വേണം.

ദേശീയ അണുനാശിനി പരിപാടിയുടെ സമയത്ത് മുന്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നും ഡിഇഡി-അജ്മാന്‍ ആവശ്യപ്പെട്ടു. സ്‌കാനറുകള്‍ ഉപയോഗിച്ച് ജീവനക്കാരുടെയും സന്ദര്‍ശകരുടെയും താപനില പരിശോധിക്കണം. ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡിഇഡി നിര്‍ദേശിച്ചു.

ദുബായില്‍ മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍, കുട്ടികളുടെ പരിശീലന, തെറാപ്പി കേന്ദ്രങ്ങള്‍,ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍,ഇഎന്‍ടി വിഭാഗത്തിലേത് ഉള്‍പ്പെടെയുള്ള ക്ലിനിക്കുകള്‍, സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവ 28 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

മാളുകള്‍ക്കു ശേഷിയുടെ 70 ശതമാനം പ്രവര്‍ത്തിക്കാനാണ് അനുമതി. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാളുകള്‍ തുറക്കാം. ശേഷിയുടെ 50 ശതമാനം സ്ഥലത്തുമാത്രമേ ജിമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 12 വയസിനു താഴെയും അറുപതിനു മുകളിലുമുള്ളവരെ പ്രവേശിപ്പിക്കില്ല. നീന്തല്‍, ജലകായിക ഇനങ്ങള്‍ എന്നിവ അനുവദനീയമല്ല. ദുബായില്‍ രാത്രിയില്‍ വീടുകളില്‍ കഴിയേണ്ട സമയം നാളെ മുതല്‍ മൂന്നു മണിക്കൂര്‍ കുറച്ചിരുന്നു. രാത്രി എട്ടു മുതല്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങിറതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.

34,557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച യുഎയിൽ 264 പേരാണ് ഇതുവരെ മരിച്ചത്.

സൌദി

സൌദിയിൽ ഇന്ന് മുതൽ പള്ളികൾ വിശ്വാസികൾക്ക് പ്രാർത്ഥനക്കായി തുറന്ന് കൊടുക്കും. കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികൾ രണ്ടര മാസത്തിന് ശേഷമാണ് തുറക്കുന്നത്. മക്കയിലൊഴികെ രാജ്യത്തെ മുഴുവൻ പള്ളികളിലും നമസ്കാരം ആരംഭിക്കും. ഇസ്‍ലാമിക കാര്യ മന്ത്രാലയം നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണം പള്ളികൾ പ്രവർത്തിക്കേണ്ടത്.

മക്കയിൽ അടുത്ത മാസം 21 മുതലാണ് പള്ളികൾ തുറക്കുക. എന്നാൽ മക്കയിലെ ഹറം പള്ളിയിൽ പൊതുജനങ്ങൾക്കുള്ള വിലക്ക് തുടരും. അതേസമയം മദീനയിലെ മസ്ജിദ് നബവിയിൽ നാളെ മുതൽ തന്നെ നിയന്ത്രണങ്ങളോടെ വിശ്വാസികൾക്ക് പ്രവേശിക്കാം. കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരുന്ന രാജ്യത്തെ മുഴുവൻ പള്ളികളും നാളെ മുതൽ തുറക്കും.

പള്ളികളിൽ അണുനശീകരണ പ്രവർത്തികൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ബാങ്കിനും ഇഖാമത്തിനും ഇടക്ക് 10 മിനുട്ട് മാത്രമേ ദൈര്‍ഘ്യം പാടുള്ളൂ. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്ററും വരികൾക്കിടയിൽ ഒരു വരിയുടെ അകലവും പാലിക്കണം. വിശ്വാസികൾ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിലെത്തേണ്ടത്.

ജുമുഅഃയുടെ 20 മിനുട്ട് മുമ്പ് പള്ളി തുറക്കുകയും, നമസ്‌കാരത്തിന് 20 മിനുട്ടിന് ശേഷം അടക്കുകയും വേണം. 15 മിനുട്ടിലധികം ഖുതുബ പ്രഭാഷണം ദീര്‍ഘിപ്പിക്കരുതെന്നും, ആദ്യ ബാങ്ക് നമസ്‌കാരത്തിന് 20 മിനുട്ട് മുമ്പായിരിക്കണമെന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു.

ഖത്തർ

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് രണ്ട് മരണം കൂടി. 77,53 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 38 ആയി.
1648 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 56910 ആയി.

4451 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തര്‍ ഇതോടെ 30,290 ആയി. പുതുതായി 27 പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആകെ 232 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്.

ന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് 13 വിമാനങ്ങളിലായി ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,232 പ്രവാസികള്‍. ഇതില്‍ 61 പേര്‍ കുട്ടികളാണ്. മേയ് 9 മുതല്‍ 30 വരെയുള്ള യാത്രക്കാരുടെ കണക്കാണിത്. ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 13 വിമാനങ്ങളില്‍ ഏഴെണ്ണവും കേരളത്തിലേക്കാണ് പറന്നത്.

നാട്ടിലേക്ക് മടങ്ങിയവരില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, സന്ദര്‍ശക വീസയിലെത്തിയ മുതിര്‍ന്ന പൗരന്മാര്‍, ജോലി നഷ്ടപ്പെട്ടവര്‍, നാട്ടില്‍ ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മടങ്ങിയവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ജയില്‍ മോചിതര്‍ എന്നിവരായിരുന്നു ഭൂരിപക്ഷവും.

56,910 രോഗികളുള്ള ഖത്തറിൽ 38 പേരാണ് ഇതുവരെ മരിച്ചത്.

കുവൈത്ത്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3349 പേരെയാണ് കുവൈത്തിൽ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 851 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27043 ആയി. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8290 ആയി.

24 മണിക്കൂറിനിടെ 7 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

ബഹ്‌റൈൻ

ബഹ്‌റൈനിൽ പുതുതായി 495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു ഇവരിൽ341 പേർ പ്രവാസികളാണ്. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 847 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു.

നിലവിൽ 4,597 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ പതിമൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാൻ

ഒമാനിലെ കൂടുതൽ തസ്തികകളിൽ സ്വദേശിവൽക്കരണം. പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ വിദേശികളെ കരാർ കാലാവധി കഴിയുന്ന മുറയ്ക്കു പിരിച്ചുവിടാനാണ് ദിവാൻ ഒാഫ് റോയൽ കോർട്ട് നിർദേശം.

ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവിനെ തുടർന്നാണിത്. കൺസൽറ്റന്റ്, എക്സ്പർട്ട്, സ്‌പെഷലൈസ്ഡ് മാനേജര്‍ തസ്തികകളില്‍ 25 വര്‍ഷത്തിലേറെയായി സേവനം ചെയ്തുവരുന്ന സ്വദേശികള്‍ക്ക് വിരമിക്കൽ നോട്ടിസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ് സ്വകാര്യ കമ്പനികള്‍. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങൾക്ക് പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചു.

11,437 രോഗികളുള്ള ഒമാനിൽ 47 പേരാണ് ഇതുവരെ മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.