1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 601 കോവിഡ് -19 കേസുകൾ. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 2902 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 55പേർ വിദേശ പൗരൻമാരാണ്. ഇതുവരെ 68 പേർ രോഗം ബാധിച്ചു മരിച്ചു. 183 പേർ രോഗവിമുക്തരായി. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ 30 ശതമാനവും (1023 പേർ) കഴിഞ്ഞമാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

ആറ് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. മൂന്നുപേർ മഹാരാഷ്ട്രയിലും, ഡൽഹിയിൽ രണ്ടുപേരും, ഗുജറാത്തിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19ആയി ഉയർന്നു. മധ്യപ്രദേശിൽ 11 പേരും ഗുജറാത്തിൽ 9 പേരും തെലങ്കാനയിൽ ഏഴ് പേരും ഡൽഹിയിൽ അഞ്ചുപേരും ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മൂന്നു പേർ വീതവും, ജമ്മുകശ്മീർ, യുപി, കേരളം എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മരിച്ചു. ആന്ധ്ര, തമിഴ് നാട്, ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ ആളുകളും മരിച്ചു.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 3000ഓട് അടുക്കുന്ന സാഹചര്യത്തിൽ, രോഗ പ്രതിരോധത്തിനായി രൂപീകരിച്ച ഉന്നതാധികാര സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചർച്ച നടത്തി. യോഗത്തിൽ രാജ്യത്തെ കോവിഡ് പ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത പ്രധാനമന്ത്രി വിലയിരുത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വെന്റിലേറ്ററുകളും ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) അടക്കമുള്ള അവശ്യ മെഡിക്കൽ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ഇതിനായുള്ള ഉൽപാദന പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം രാജ്യം കോവിഡ് ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍ പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട വ്യക്തിസുരക്ഷാ ഉപകരണങ്ങളും (പിപിഇ) ആവശ്യത്തിന് ഇല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സിയായ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സ് വകുപ്പ്, കലക്ടര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ജമ്മു കശ്മീര്‍, ബിഹാര്‍, അരുണാചല്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയത്.

മാര്‍ച്ച് 25 മുതല്‍ 30 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണു സര്‍വേ നടത്തിയത്. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തല്‍ പ്രധാന പ്രതിസന്ധികള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഉദ്ദേശിച്ചാണു സര്‍വേ നടത്തിയത്. 95 ശതമാനം ജനങ്ങളിലേക്കും വിഷയത്തിന്റെ ഗൗരവം സര്‍ക്കാരിന് എത്തിക്കാനായെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും വ്യക്തമാക്കി. ജില്ലാ, സബ്ജില്ലാ ആശുപത്രികള്‍ പൂര്‍ണമായി സജ്ജമാണെന്നും സര്‍വേയില്‍ കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.