1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 99 ആയി. 24 മണിക്കൂറിനിടെ 479 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 274 ജില്ലകളെ കോവി‍ഡ് ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ വായുവിലൂടെ കോവിഡ് 19 പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആറും അറിയിച്ചു. ഡൽഹിയിലെ ഏഴ് മലയാളി നഴ്‍സുമാരടക്കം 3,588 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തിലെ സൂറത്തിലെ 61 വയസുകാരിയുടെ മരണമാണ് ഇന്ന് ആദ്യം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 11 പേർ ഇതിനകം കോവിഡ് മൂലം മരിച്ചു. ജയ്‍പൂരിൽ 82 വയസുകാരനും ഇന്ന് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിൽ 52 വയസുകാരന്റെയും തമിഴ്‍നാട്ടിലെ രണ്ട് പേരുടെയും മരണവും ഇന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൽഹിയിൽ ഏഴ് മലയാളി നഴ്‍സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ദിൽഷാദ് ഗാഡനിലെ കാൻസർ സെന്ററിലെയും അപ്പോളോ ആശുപത്രിയിലെയും മലയാളി നഴ്‍സുമാരടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ ഗർഭിണിയാണ്. ഗുജറാത്തിൽ 16 പേർക്കും യുപിയിൽ 50 പേർക്കും രാജസ്ഥാനിൽ 6 പേർക്കും മധ്യപ്രദേശിൽ മൂന്ന് പേർക്കും ജാർഖണ്ഡിൽ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ സിആർപിഎഫ് ഡിജിയടക്കം സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനക്കും അദ്ദേഹം വിധേയനായി.

എയിംസ് ട്രോമ കെയർ ശുചീകരണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ താമസിച്ചിരുന്ന ആർകെ പുരത്തെ ചേരി അധികൃതർ അടച്ചു. എയിംസിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാൾ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വര്‍ധനവാണ് ഉണ്ടാകുന്നത്. പൂനെയില്‍ രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 63 ആയി. 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 661 ൽ എത്തി. മുംബൈ ധാരാവിയില്‍ കഴിഞ്ഞദിവസം മരിച്ചയാളുടെ അയല്‍ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പൂനെ സെഷൻസ് ആശുപത്രിയിലാണ് 52 വയസുകാരൻ മരിച്ചത്. മഹാരാഷ്ട്രയിൽ ഒന്നിലധികം ഇടങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതാണ് വിവരം. ധാരാവി ആണ് ഇതിലൊന്ന്. 30 വയസുള്ള യുവതിക്കും 48 വയസുള്ള പുരുഷനുമാണ് ധാരാവിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍നിന്നുള്ള തബ്‍ലീഗ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച ഫ്ലാറ്റുകളിലൊന്നിലാണ് യുവതിയുടെ താമസം. അഞ്ച് രോഗികളുള്ള ചേരിയില്‍ ഇരുപത്തി അയ്യായിരത്തോളം പേർ നിരീക്ഷണത്തിലാണ്. വർളിയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. 135 പേർ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാൻ 3 ചേരികൾ അടച്ചു.

15 മലയാളികർക്കടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും പകുതി മുംബൈയിലാണ്. രോഗബാധ തടയാൻ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കോവിഡ് ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചതോടെ തമിഴ്‍നാട്ടില്‍ മരണം അഞ്ചായി. ആന്ധ്ര പ്രദേശിൽ ഇന്ന് 36 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 226 ആയി. കർണാടകയിൽ ഇന്നലെ 16 പേർക്കാണ് രോഗം കണ്ടെത്തിയത്. 144 പേരാണ് സംസ്ഥാനത്തെ രോഗബാധിതർ. ഇന്നലെ രോഗം കണ്ടെത്തിയവരിൽ മൂന്ന് പേർ നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. നാലാണ് മരണസംഖ്യ.

11 മരണങ്ങൾ നടന്ന തെലങ്കാനയിൽ ഇന്നലെ 43 പേർക്ക് കൂടി രോഗം കണ്ടെത്തി. 272 ആണ് രോഗബാധിതരുടെ എണ്ണം. പുതുച്ചേരിയിൽ ഇതുവരെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വായുവിലൂടെ പകരുമായിരുന്നുവെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

വായുവിലൂടെ പകർന്നിരുന്നുവെങ്കിൽ കൊറോണ ബാധിതർ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികൾക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. അതിനാൽ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.