1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 133,725 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,909 ആയി.

രാജ്യത്ത് കൊവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചു. വെന്റിലേറ്ററുകളുടേയും കിടക്കകളുടെയും എണ്ണം വർധിപ്പിച്ച് കൊണ്ട് ആശുപത്രികൾ കൂടുതൽ സജ്ജമായിരിക്കാനാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.

ഡൽഹിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.45ന് സഫ്ദർജങ് ആശുപത്രിയിലായിരുന്നു മരണം. ഡൽഹി കൽര ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.

ജൂണ്‍ 21 മുതല്‍ 28 വരെയുള്ള ദിനങ്ങളില്‍ രാജ്യത്ത് കൊറോണ കേസുകള്‍ അതിന്റെ ഏറ്റവും കൂടിയ തോതില്‍ എത്തുമെന്ന് പഠനം. ദിനംപ്രതി 7,000-7,500 കേസുകള്‍ വരെ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം എന്നാണ് ഗവേഷകർ പറയുന്നത്. സര്‍ക്കാരിന്റെ Science and Engineering Research Board (SERB) ന്റെ മത്തമാറ്റിക്കല്‍ മോഡല്‍ അനുസരിച്ചായിരുന്നു ഈ പഠനം.

ജൂണ്‍ മാസത്തെ ഈ കൂടിയ തോതിന് കാരണമായി ഈ പഠനം പറയുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ രോഗം പരത്തുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ്. കൊറോണയ്ക്കുള്ള വാക്സിന്‍ കണ്ടെത്തും വരെ രാജ്യം അതീവശ്രദ്ധ ചെലുത്തണം എന്നും ഈ പഠനം പറയുന്നുണ്ട്.

രാജ്യത്തെ ആഭ്യന്തര വിമാന സർവ്വീസുകൾ നാളെ തുടങ്ങും. രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. എന്നാൽ വിമാന സർവീസ് സംബന്ധിച്ച് അവ്യക്തതകളും ആശയ കുഴപ്പങ്ങളും തുടരുകയാണ്. മഹാരാഷ്ട സർവീസ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാടും പശ്ചിമ ബംഗാളും നടപടികൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാരുടെ ക്വാറന്‍റൈനെ സംബന്ധിച്ചുള്ള അവ്യക്തതയും തുടരുകയാണ്. നിലവിൽ രോഗം ഇല്ലാത്തവർക്ക് ക്വാറൻറൈൻ വേണ്ട എന്നാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ 8 സംസ്ഥാനങ്ങളിൽ 14 ദിവസത്തെ ക്വാറനൈറൻ നിർബന്ധമാണ്.

യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമയാന വകുപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ശരീരോഷ്മാവ് ഉള്ളവർക്കും കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർക്കും യാത്ര ചെയ്യാനാവില്ല. യാത്രക്കാർ നിർബന്ധമായും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. നിയന്ത്രണ മേഖലയിൽ നിന്നുള്ളവർക്ക് യാത്ര ചെയ്യാനാവില്ല. ഒരു ക്യാബിൻ ബാഗും ഒരു ചെക്ക്-ഇൻ ബാഗും മാത്രമാണ് അനുവദിക്കുക. വിമാനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല.

അതേസമയം ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതിയുണ്ട്. 33 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിൻറെ മാനദണ്ഡമനുസരിച്ച് 2000 മുതൽ മുതൽ 18,600 രൂപ വരെയാണ് നിരക്കുകൾ.

മഹാരാഷ്ട്രയിൽ രോഗബാധ രൂക്ഷമായി തുടരുന്നതിനാൽ 31 ന് അടച്ചുപൂട്ടൽ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തമിഴ്നാട്ടിലും ഗുജറാത്തിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ഡൽഹിയിൽ 508 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധയും തുടരുന്നു. 2 ബി.എസ്.എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ ഇൻഡോറിൽ 75 പുതിയ കേസുകൾ വന്നതോടെ രോഗബാധിതർ 3000 കടന്നു. രാജസ്ഥാനിൽ 100 പുതിയ കേസും 2 മരണവും റിപ്പോർട്ട് ചെയ്തു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിരീക്ഷണ കേന്ദ്രങ്ങളിൽ മൊബൈൽ നിരോധിച്ച ഉത്തരവ് യുപി സർക്കാർ പിൻവലിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.