1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ. 5 ദിവസം തുടർച്ചയായി 6000 ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി.

6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ആകെ കോവിഡ് ബാധിതർ 1,38,845 ഉം മരണം 4021 ഉം കടന്നു. 57720 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 42% വും മരണനിരക്ക് 3 % വും ആണ്. ദിനം പ്രതി 1,00200 സാമ്പിളുകൾ പരിശോധിക്കുന്നു. ഇതിൽ 5 % പോസിറ്റീവാണ്. ഇതുവരെ 30 ലക്ഷം പരിശോധന നടത്തി. ഇതാണ് രോഗബാധിതരുടെ എണ്ണത്തിലെ വർധനക്ക് കാരണമെന്ന് ഐ.സി.എം.ആര്‍ പറയുന്നു. വരുന്ന ആഴ്ചകളിലും ആരോഗ്യ മന്ത്രാലയം വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം. രോഗബാധിതർ 50,231ഉം മരണം 1635ഉം ആയി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനും കോവിഡ് സ്ഥിരീകരിച്ചു. 3041 പുതിയ കേസുകളും 58 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്.

പകുതിയിൽ അധികവും മുംബൈയിലാണ്. 1725 പുതിയ കേസും 38 മരണവുമാണ് മുംബൈയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത്. ആകെ രോഗബാധിതർ മുംബൈയില്‍ മാത്രം 30542ഉം മരണം 988ഉം കവിഞ്ഞതായി ബിഎംസി അറിയിച്ചു. ധാരാവിയിൽ 27 പുതിയ കേസും 2 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 1541 ആയി.

മുൻ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിൽ ആക്കി. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇടയിലും രോഗബാധ തുടരുകയാണ്. മഴക്കാലം കൂടി എത്തുന്നതോടെ സാഹചര്യം കൂടുതൽ രൂക്ഷമാകും.

ഈ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിച്ച് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.പി. ലഹാനെ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കത്ത് അയച്ചത്. 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്‌സുമാരെയും അയക്കണം എന്നാണ് ആവശ്യം. ഇവർക്കുള്ള താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്തു. രോഗം പടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസ് 25 എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിൽ 13,4 18 രോഗബാധിതരും 508 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഡൽഹി എയിംസിൽ സാനിറ്റേഷൻ സീനിയർ സൂപ്പർവൈസർ ഹീര ലാൽ കോവിഡ് ബാധിച്ച് മരിച്ചു. 3 പുതിയ പ്രദേശങ്ങൾ കൂടി ചേർത്തതോടെ നിയന്ത്രിത മേഖലകൾ 90 ആയി. 14063 രോഗബാധിതരും 344 മരണവും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു. എഴുപത്തി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിൽ രോഗബാധിതർ 7000 കടന്നു. മരണം 163 കവിഞ്ഞു.

പശ്ചിമ ബംഗാളിൽ രോഗബാധിതർ 4000ത്തോട് അടുത്തപ്പോഴേക്കും മരണം 200 കവിഞ്ഞു. മധ്യപദേശിൽ രോഗബാധിതർ 7000 നും മരണം 300 നും അടുത്തെത്തി. ആഭ്യന്തര സർവീസുകൾ ആരംഭിച്ചതോടെ ആശങ്കയിലാണ് സംസ്ഥാനങ്ങൾ.

രണ്ട് മാസങ്ങള്‍ക്കു ശേഷം ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം. ഡല്‍ഹി, മുംബൈ എന്നിവയടക്കം നിരവധി നഗരങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്.

ഡല്‍ഹിയില്‍നിന്നും ഡല്‍ഹിയിലേയ്ക്കുമുള്ള 82 വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അവസാന നിമിഷംവരെ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍-3ല്‍ എത്തിയ യാത്രക്കാര്‍ പറയുന്നു. നിരവധി പേരാണ് വിമാനത്താവളത്തിലെത്തി കാത്തിരിക്കുന്നത്.

വിമാനസര്‍വീസുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 125 സര്‍വീസുകളും ഇവിടേയ്ക്ക് 118 സര്‍വീസുകളുമാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സാഹചര്യമുണ്ടായി. ഇവിടെനിന്നുള്ള നിരവധി സര്‍വീസുകളും റദ്ദാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലേയ്ക്കുള്ളതടക്കം വിമാനങ്ങള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങളിലും ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ റദ്ദാക്കാപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രയാസത്തിലായി. ബെംഗളൂരുവില്‍നിന്നുള്ള ഒമ്പത് സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങിയതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.