1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. ആകെ കേസുകളുടെ എണ്ണം 147,144 ഉം മരണസംഖ്യ 4,197 ഉം ആയി. അതേസമയം 60,706 പേർ അസുഖത്തിൽ നിന്ന് മുക്തി നേടി. മഹാരാഷ്ട്ര അടക്കം ഏഴ് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ കുതിച്ചുയരുകയാണ്. രോഗം ഭേദമാകുന്നവരുടെ അതേ നിരക്കിൽ പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയായി. ഉത്തർപ്രദേശിൽ ഇതുവരെ 1663 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2257 വിചാരണത്തടവുകാരെ എട്ടാഴ്ചത്തെ പരോളിൽ വിടാൻ യുപി സർക്കാർ തീരുമാനിച്ചു. ഡൽഹിയിൽ ഞായറാഴ്ച മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ രോഗബാധിതർ 17,000 കടന്നു. 805 പുതിയ കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 549 കേസുകളും ചെന്നൈയിലാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 405 പോസിറ്റീവ് കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 310 പുതിയ കേസുകളും 25 മരണവും. ആകെ കൊവിഡ് കേസുകൾ 14468ഉം മരണം 888ഉം ആയി.

അതേസമയം, തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരില്‍ 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ലെന്ന് വെളിപെടുത്തല്‍. കണ്ടെയ്ൻമെന്റ് സോണുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിശബ്ദ കോവിഡ് വാഹകരെ കണ്ടെത്തിയത്. മരിച്ചവരില്‍ പതിനാറു ശതമാനം പേര്‍ക്കും മറ്റു അസുഖങ്ങളില്ലെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.അതിനിടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ ഇന്നലെയും രോഗം ബാധിക്കുന്നവരുടെ എണ്ണം അഞ്ഞൂറ് കടന്നു. 549 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് കേസുകള്‍ 11,131 ആയി ഉയര്‍ന്നു.

ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 635 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 14053ഉം മരണം 276ഉം ആയി. രോഗവ്യാപനത്തെ തുടർന്ന് ഗാസിയാബാദ്- ഡൽഹി അതിർത്തി അടച്ചു. മൂന്ന് ദിവസത്തിനിടെ മലയാളി നഴ്സ് അടക്കം നാല് ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചത് ആശങ്കയായി. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി അംബിക സനിലിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡൽഹിയിൽ തന്നെ സംസ്‌കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം. രാജസ്ഥാനിൽ കൊവിഡ് ബാധിതർ 7300 ആയി. മധ്യപ്രദേശിൽ 194 പോസിറ്റീവ് കേസുകളും പത്ത് മരണവും കൂടി റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് പരിശോധനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധന ലാബുകള്‍ രാജ്യത്തുണ്ട്. ഇതില്‍ 430 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.