1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2020

സ്വന്തം ലേഖകൻ: തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധ എണ്ണായിരത്തിന് മുകളിലായതോടെ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി. ഒരു ദിവസത്തിനിടെ 8392 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ജര്‍മ്മനിയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ഒന്‍പതാം സ്ഥാനത്ത് നിന്ന് ഇന്ത്യ ഏഴിലെത്തിയത്. പ്രതിദിന രോഗബാധ നിരക്ക് ഈ വിധമെങ്കില്‍ 10 ദിവസത്തിനുള്ളില്‍ ഇന്ത്യ അഞ്ചാമതെത്തും.

കൊവിഡ് ബാധ ഉയരാന്‍ തുടങ്ങിയ മാര്‍ച്ച് അവസാനം ലോക പട്ടികയില്‍ ഇന്ത്യ മുപ്പതാമതായിരുന്നു. ഈ പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയേക്കാള്‍ മരണനിരക്കില്‍ ഇന്ത്യ മുന്നിലെത്തി. റഷ്യയില്‍ ഇതുവരെയുള്ള മരണം 4693 എങ്കില്‍ ഇന്ത്യയിലെ മരണസംഖ്യ 5394 ആണ്. പ്രതിദിന മരണ നിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്ന നിലപാട് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിക്കുകയാണ്. രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധമെന്ന നിലയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളിക നല്‍കുന്നത് ഫലപ്രദമാണെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം കൊവിഡ് അവലോകനത്തിനെത്തിയ മുതിര്‍ന്ന ശാസ്ത്രജ്ഞന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനം അടച്ചു. രണ്ടാഴ്ച മുന്‍പ് കൊവിഡ് അവലോകനത്തിനായി മുംബൈയില്‍ നിന്ന് ഐസിഎംആറില്‍ എത്തിയ ശാസത്രജ്ഞനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ, നീതി ആയോഗ് അംഗം വികെ പോള്‍ തുടങ്ങിയവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ അണുനശീകരണത്തിനായി ഐസിഎംആര്‍ ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു.
ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന. ആരോഗ്യ രംഗത്ത് ദീർഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകർച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സർക്കാരിന് ഉപദേശം നൽകിയത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം.

ഇന്ത്യൻ പബ്ലിക് ഹെൽത്ത്‌ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ് എന്നീ സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്‌താവനയിൽ ആണ് ഇക്കാര്യം പറഞ്ഞത്.

ലോക്ഡൗണിന് മുൻപ് അതിഥി തൊഴിലാളികൾ അടക്കമുള്ളവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമായിരുന്നു. ഇത് രണ്ട് പ്രശ്ങ്ങൾ ഉണ്ടാക്കി. ആളുകൾ കുടുങ്ങി കിടക്കുകയും കാൽനടയായും മറ്റും പോയവർ അപകടത്തിൽ പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കി. രോഗം വ്യാപിച്ച സ്ഥലങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവർ രോഗവാഹകരായി.

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 374,505 ആയി. 6,299,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,865,463 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് കൊവിഡ് മൂലം ഇന്നലെ 3,200 പേരാണ് മരിച്ചത്. 1,07,477 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ ഇന്നലെ 75 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 33,415 ആയി. സ്‌പെയിനിൽ ഇന്നലെ രണ്ട് പേരാണ് മരിച്ചത്. 27,127 ആണ് രാജ്യത്തെ മരണസംഖ്യ. ജർമനിയിൽ മരിച്ചവരുടെ എണ്ണം 8,605 ആണ്. ഫ്രാൻസിൽ ഇന്നലെ 31 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28,802 ആയി. ബെൽജിയത്തിലെ മരണസംഖ്യ 9,467 ആയപ്പോൾ ഇറാനിൽ മരിച്ചവരുടെ എണ്ണം 7,797 ആണ്. മെക്‌സിക്കോയിൽ ഇന്നലെ 171 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 9,930 ആയി ഉയർന്നു.

നെതർലന്റ്‌സിൽ 5,956ഉം തുർക്കിയിൽ 4,540ഉം പേർ മരിച്ചു. സ്വിറ്റ്‌സർലന്റിലെ മരണസംഖ്യ 1,920 ആയപ്പോൾ സ്വീഡനിലേത് 4,395ഉം അയർലന്റിലേത് 1,652ഉം ആയി. ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാല്പത്തെട്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 4,245 ആണ്. പാകിസ്താനിൽ മരണസംഖ്യ 1,483 ആയി. ഇന്തോനേഷ്യ1,613, കാനഡ7,295, ഓസ്ട്രിയ668, ഫിലിപ്പൈൻസ്957, ഡെൻമാർക്ക്574, ജപ്പാൻ891, ഇറാഖ്205, ഇക്വഡോർ3,358 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.