1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും രോഗബാധിതരുടെ എണ്ണം 8000 കടന്നതോടെയാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 208,800 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 5,834 ആയി. ഇതുവരെ 100,602 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡൽഹിയിൽ രാജമ്മ മധുസൂധൻ എന്ന മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സായിരുന്നു. എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. ഇവരുടെ മകൾക്കും കോവിഡ് ലക്ഷണങ്ങളുണ്ട്.

എയിംസ് ആശുപത്രിയിൽ ഡയറക്ടറുടെ റൂമിന് മുന്നിൽ മൂന്നാം ദിവസവും നഴ്സുമാര്‍ പ്രതിഷേധം നടത്തുകയാണ്. രോഗികളുടെ ചികിത്സയെ ബാധിക്കാതെയാണ് എയിംസ് നഴ്സസ് യൂണിയൻറെ നേതൃത്വത്തിലുള്ള പ്രതിഷേധം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം 6ൽ നിന്ന് 4 മണിക്കൂർ ആക്കണം, കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് വരെയും എയിംസ് അധികൃതർ ചർച്ചക്ക് തയ്യാറായിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 47 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 60,000 കടന്നിരുന്നു. കഴിഞ്ഞ ദിവസം മാത്രം 2682 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തിലെ എറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്.

ഹിമാചൽ പ്രദേശിൽ രണ്ടും അസമിൽ 48ഉം രാജസ്ഥാനിൽ 102ഉം പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. രാജ്യത്ത് ഇതുവരെ 41,03,233 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,37,158 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ വ്യക്തമാക്കി.

അതിനിടെ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് കോവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബിസിനസുകാര്‍, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റുമേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബിസിനസ് വിസയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശ വ്യവസായികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ലബോറട്ടറികളും ഫാക്ടറികളും അടക്കമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എത്തുന്ന ഗവേഷകര്‍, ടെക്‌നീഷ്യന്മാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവര്‍ അംഗീകൃത സര്‍വകലാശാലയുടെയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടേയോ ആരോഗ്യരക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രം ഹാജരാക്കേണ്ടിവരും.

എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖ ഇന്ത്യയിലുണ്ടെങ്കില്‍ രാജ്യത്തേക്ക് വരാം. നിര്‍മാണ യൂണിറ്റുകള്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍, സോഫ്റ്റ്‌വെയര്‍ – ഐ.ടി സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കെല്ലാം ഇളവ് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.