1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ 9000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധന റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം മരണങ്ങളും. ചെന്നൈയിൽ ജൂലൈ പകുതിയോടെ ഒന്നര ലക്ഷം കൊവിഡ് കേസുകളും 1600 മരണവും കടന്നേക്കാമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 2,26770 പോസിറ്റീവ് കേസുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ കണക്ക് നോക്കുമ്പോൾ ഒൻപത് ശതമാനം കേസുകളുടെ വളർച്ച.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മുംബൈ, ചെന്നൈ, താനെ, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് 45 ശതമാനം പുതിയ കേസുകളും. മരണനിരക്കും രാജ്യത്ത് ഉയരുകയാണ്. 24 മണിക്കൂറിനിടെ 273 പേർ മരിച്ചത് റെക്കോർഡ് സംഖ്യയായി.

രാജ്യത്ത് ഇതുവരെ 6348 പേർ മരിച്ചു. ഈയാഴ്ച മാത്രം 18 ശതമാനത്തിന്റെ വളർചയാണ് ഉണ്ടായത്. ഒരാഴ്ചത്തെ മരണനിരക്ക് കണക്കുകൂട്ടുമ്പോൾ ലോകത്ത് അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം മരണങ്ങളും. 6.2 ശതമാനത്തോടെ ഗുജറാത്താണ് മരണനിരക്കിൽ ഒന്നാം സ്ഥാനത്ത്.

അതേസമയം, രാജ്യത്ത് ഇതുവരെ 1,09461 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 48.27 ശതമാനമായി ഉയർന്നു. കൊവിഡ് പരിശോധനകൾ 43 ലക്ഷം കടന്നു. ഇതുവരെ 43,86,379 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 143,661 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ വ്യക്തമാക്കി.

ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. രാജ്യത്ത് 9000 ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അമേരിക്കയാണ് മുന്നിലുള്ളത്. അവിടെ 17000 നും മുകളിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾ.

പശ്ചിമ ഡൽഹിയിലെ ശിവാജി മെറ്റേണിറ്റി കേന്ദ്രത്തിലെ 67കാരിയായ മലയാളി നഴ്സ് രാജമ്മ കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ച് നാല് ദിവസത്തിന് ശേഷമാണ് മരണം. കോട്ടയം സ്വദേശിയായ രാജമ്മ, 40 വർഷമായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയിട്ട്. മേയ് 24 ന് പശ്ചിമ ഡൽഹിയിലെ കൽറ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന 46 കാരിയായ നഴ്സിങ് ഓഫീസർ അംബിക പി.കെ കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

അതിനിടെ കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾ നടപ്പാക്കില്ല. ആത്മനിർഭർ, ഗരിബ് കല്യാൺ യോജനകൾ പ്രകാരമുള്ള പദ്ധതികൾ മാത്രമാകും ഈ വർഷം നടപ്പാക്കുക. നിലവിലുള്ള പദ്ധതികൾ പൂർണ്ണമായും നിർത്തി വയ്ക്കില്ലെങ്കിലും കർശന വ്യവസ്ഥകളോടെ ആകും നടപ്പാക്കുക.

ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചതും നടപ്പാക്കാൻ തിരുമാനിച്ചതും അംഗികരിക്കക്കപ്പെട്ടതുമായ എല്ലാ പദ്ധതികളും അടുത്ത 9 മാസം ചുവപ്പ് നാടയിൽ ഉറങ്ങും. ആഭ്യന്തരം, പ്രതിരോധം അടക്കം എല്ലാ മന്ത്രാലയങ്ങളുടെയും പദ്ധതികൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ഇക്കാര്യം വ്യക്തമാക്കി ധനമന്ത്രാലയം ഒഫിസ് മെമ്മോറണ്ടം പ്രസിദ്ധികരിച്ചു.

നിലവിൽ ഖജനാവ് കാലിയാകാതിരിയ്ക്കാൻ 12 ലക്ഷം കൊടി കടം എടുക്കണം എന്നതാണ് അവസ്ഥ. പ്രഖ്യാപിത പദ്ധതികൾ നിർത്തിവയ്ക്കുമ്പോൾ കടമെടുക്കേണ്ട തുക ഇതിൽ നിന്നും ഇനി വർധിയ്ക്കില്ല എന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ. നിലവിലുള്ള പദ്ധതികൾ പൂർണ്ണമായും നിർത്തി വയ്ക്കില്ലെങ്കിലും വ്യവസ്ഥകളോടെ ആകും നടപ്പാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.