1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. കൊവിഡ് ബാധിച്ചവരിൽ 47 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്. ബാക്കി 63 ശതമാനവും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. നാല്പതിനും അറുപതിനുമിടയിൽ പ്രായമുള്ളവരിലെ മരണനിരക്ക് 30 ശതമാനമാണ്.

നിസാമുദ്ദീൻ തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് 25000 പേർ കൊവിഡ് നിരീക്ഷണത്തിലുണ്ട്. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് 1445 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് സർക്കാർ ഓർഡർ നല്കി. കൊവിഡ് തീവ്രബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണത്തിന് സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണം. എല്ലാവരും സമൂഹ അകലം പാലിക്കണം. വീട്ടിൽ നിർമ്മിക്കുന്ന മുഖാവരണം ധരിക്കണം. സമൂഹവ്യാപനം തടയുക എന്നത് തന്നെയാണ് പ്രധാനമെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.

രാജ്യത്ത് ഏപ്രിൽ 14-ന് ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷവും രോഗവ്യാപനം നടന്ന ജില്ലകളിൽ കർശന നിയന്ത്രണം തുടരാൻ കേന്ദ്രസർക്കാർ. കേരളത്തിലെ ഏഴ് ജില്ലകളിലടക്കം ഏപ്രിൽ 14-ന് ശേഷവും യാത്രാവിലക്ക് അടക്കമുള്ള കർശന നിയന്ത്രണം തുടരുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ രോഗവ്യാപനത്തിന്‍റെ ഒരു പാറ്റേൺ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

രാജ്യത്തെ 80 ശതമാനം കേസുകളും 62 ജില്ലകളിൽ നിന്നാണ്. അതിനാൽത്തന്നെ, ഈ ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഏർപ്പെടുത്താനാണ് തീരുമാനം. രാജ്യത്ത് ഇതുവരെ 274 ജില്ലകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 62 ജില്ലകളിൽ നിന്നാണ് 80 ശതമാനം കേസുകൾ.

അതോടൊപ്പം, വായുവിലൂടെ ഈ രോഗം പടരുമെന്ന് അമേരിക്കയിലെ സിഡിസി അടക്കം വിലയിരുത്തുമ്പോൾ, അത്തരമൊരു നിഗമനം ശരിയല്ലെന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). ഇക്കാര്യത്തിൽ ഇതുവരെ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും, വായുവിലൂടെ രോഗം പകരുമെങ്കിൽ ഹോം ക്വാറന്‍റൈൻ അടക്കമുള്ള നടപടികൾ ഫലപ്രദമാകില്ലായിരുന്നുവെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.

ഇന്ത്യ വേണ്ടത്ര ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന വിമർശനം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം രാജ്യത്ത് നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയായി. ഏപ്രിൽ 2-ന് പ്രതിദിനം 5800 ടെസ്റ്റുകളാണ് നടത്തിയതെങ്കിൽ ഏപ്രിൽ 4 ആകുമ്പോഴേക്ക് 10,034 ആക്കി. ഇതുവരെ രാജ്യത്ത് 89,534 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.