1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2020

സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌൺ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

അടിയന്തരാവസ്ഥ ജപ്പാന്‍ പിന്‍വലിച്ചതോടെ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും. കഴിഞ്ഞ ഒന്നര മാസമായി ജപ്പാന്‍ കൊറോണയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ മുക്തി നേടി. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമാണെന്ന് ഷിന്‍സോ ആബെ പറഞ്ഞു.

നിര്‍ബന്ധിത ലോക്ക്ഡൌൺ പ്രഖ്യാപനം ജപ്പാനിലെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. തുടര്‍ന്നാണ് ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഏഴിന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.

വന്‍തോതിലുള്ള കൊറോണ വ്യാപനം ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എങ്കിലും ചില ദിവസങ്ങളില്‍ 600 രോഗം വരെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. കഴിഞ്ഞാഴ്ച ആകെ 20 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 830 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മറ്റു വന്‍ ശക്തികളുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

ജപ്പാന്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കിടയിലും ഒട്ടേറെ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ജാപ്പനീസ് ജനതയുടെ അച്ചടക്കമുള്ള ജീവിത ശൈലിയാണ് അവര്‍ക്ക് ഗുണമായത്. മാസ്‌ക് ധരിക്കുന്നത് ഇവിടെ നേരത്തെയുള്ള ശീലമാണ്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശം അതുപോലെ അനുസരിക്കുകയും ചെയ്യും.

കൊറോണ രോഗം ബാധിച്ച് നേരത്തെ 10000ത്തിലധികം പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 2000ത്തില്‍ താഴെ ആളുകളാണ്. ഇപ്പോള്‍ ആശങ്കയില്ലെന്നും വിപണികള്‍ വീണ്ടും തുറക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

“സര്‍ക്കാര്‍ നിര്‍ദേശം എല്ലാ പൗരന്‍മാരും അനുസരിച്ചു. അതുകൊണ്ടുതന്നെ വേഗത്തില്‍ തിരിച്ചുവരാന്‍ നമുക്ക് സാധിച്ചു. എല്ലാവരെയും നന്ദി അറിയിക്കുന്നു. ജപ്പാന്‍ മോഡല്‍ ലോകത്തിന് മാതൃകയാകട്ടെ. ലോകം ചര്‍ച്ച ചെയ്യട്ടെ,” പ്രധാനമന്ത്രി ഷിന്‍സോ ആബെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.