1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്. എട്ട് പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6540 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6265 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 27 മുതൽ

നോർക്ക റൂട്ട്‌സ് കൊച്ചി, കോഴിക്കോട് മേഖലാ ഓഫിസുകളിൽ മേയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫിസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. തിരുവനന്തപുരം മേഖലാ ഓഫിസിൽ 20 മുതൽ അറ്റസ്റ്റേഷൻ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.

നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും പ്രവർത്തനം 26 മുതൽ പുനരാരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫിസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

പുതിയ സാങ്കേതിക വിദ്യ

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ ഭാഗമായി ജനങ്ങളുടെ ശരീരത്തിന്റെ താപ നില പരിശോധിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഏകദേശം 10 ആള്‍ക്കാരുടെ വരെ ശരീര ഊഷ്മാവ് വേര്‍തിരിച്ച് കാണിക്കുന്ന 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകളാണ് എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പ്രധാന ഓഫീസുകളിലും വ്യാപിക്കുന്നത്.

തിരക്കേറിയ ഈ സ്ഥലങ്ങളില്‍ വരുന്ന ഓരോരുത്തരുടെയും ശരീര ഈഷ്മാവ് വെവ്വേറെ ടെസ്റ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഓരോരുത്തരുടേയും മുഖം പ്രത്യേകം ക്യാമറയില്‍ ചിത്രീകരിക്കാന്‍ കഴിയും.

ആളുകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീര ഊഷ്മാവ് കണ്ടെത്തുന്നതിന് ഇന്‍ഫ്രാറെഡ് ക്യാമറയാണ് ഉപയോഗിക്കുന്നത്. ആളുകള്‍ ഏകദേശം 3.2 മീറ്റര്‍ ദൂരത്ത് എത്തുമ്പോള്‍ തന്നെ ശരീര ഊഷ്മാവും മുഖചിത്രവും ലഭ്യമാകും. തുടര്‍ന്ന് താപവ്യതിയാനമുള്ള ഓരോ ആളിനേയും നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനും തുടര്‍ന്ന് മറ്റ് പരിശോധനകള്‍ക്ക് മാറ്റുവാനും സാധിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.

രാജ്യത്തെ കണക്കുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,609 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,12,359 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബുധനാഴ്ച മരിച്ചത് 132 പേരാണ്. ഇതുവരെ 45,300 പേര്‍ രോഗ മുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 39,297 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 13,191 പേര്‍ക്കും ഗുജറാത്തില്‍ 12,537 പേര്‍ക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്.

തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 94 ആയി. ചെന്നൈയില്‍ ഇന്ന് 567 പേര്‍ക്കാണ് സ്ഥിരീകരിച്ചത്.

ഇന്നലെ 743 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദിവസം ശരാശരി 500 പുതിയ രോഗികള്‍ എന്ന നിലയിലാണ് തമിഴ്നാട്ടില്‍ മേയ് ഒന്ന് മുതല്‍ രോഗബാധിതരുടെ എണ്ണം പെരുകുന്നത്. ഏപ്രില്‍ 30 വരെ 2323 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.