1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1417 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1426 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 105 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 62 പേർ വിദേശത്ത് നിന്ന് എത്തിയവരും 72 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 36 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 297
മലപ്പുറം – 242
കോഴിക്കോട്- 158
കാസർഗോഡ് – 147
ആലപ്പുഴ – 146
പാലക്കാട് -141
എറണാകുളം – 133
തൃശൂർ – 32
കണ്ണൂർ – 30
കൊല്ലം – 25
കോട്ടയം – 24
പത്തനംതിട്ട – 20
വയനാട് – 18
ഇടുക്കി – 4

കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി ഡെങ്കിപ്പനി എന്നീ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് രോഗവ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വ്യാപിക്കുന്നത്. കോട്ടയം ജില്ലയിൽ രണ്ട് മേഖലകളിൽ കോവിഡ് സമ്പർക്ക വ്യാപനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററാക്കും. എറണാകുളത്തും രോഗവ്യാപനം തുടരുന്നു. ഫോർട്ട്കൊച്ചി ക്ലസ്റ്ററിലാണ് കോവിഡ് വ്യാപിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരുമായി ചേർന്ന് പൊലീസ് ചെയ്യുന്ന കോൺഡാക്ട് ട്രെയിസിങ്ങിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകര്യതയാണെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം വർധിക്കുന്ന കേന്ദ്രങ്ങളിൽ പൊലീസ് നടപടികൾ കർക്കശമാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിക്കപ്പെട്ടാൽ 2000 രൂപ പിഴ ഈടാക്കും.

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി

പെട്ടിമുടി മണ്ണിടിച്ചിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി 20 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

പെട്ടിമുടിയിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വീസ്തൃതിയിലാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്.

ഇനി കണ്ടെത്താനുള്ളവരിലേറെയും കുട്ടികളാണ്. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കനത്ത മഴയും വെള്ളക്കെട്ടും വലിയ പാറക്കൂട്ടങ്ങളും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.

ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ചേർന്ന് ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരും. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാഹചര്യത്തിൽ ഇനി എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക.

പത്ത് സംസ്ഥാനങ്ങളില്‍ അതി തീവ്ര കൊവിഡ് വ്യാപനമെന്ന് മോദി

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് സംസ്ഥാനങ്ങള്‍ അതിജീവിക്കുന്നതെന്നും മോദി പറഞ്ഞു. രോഗവ്യാപനം മൊത്തത്തില്‍ തടയുന്നതില്‍ ഓരോ സംസ്ഥാനത്തിന്റേയും പങ്ക് നിര്‍ണായകരമാണെന്നും മോദി പറഞ്ഞു.

മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കുകയാണ് നമ്മുടെ ലക്ഷ്യം. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. നമ്മള്‍ കൃത്യമായ മാര്‍ഗത്തില്‍ തന്നെയാണ് എന്നാണ് ഇത് കാണിക്കുന്നത്. കൊവിഡ് പരിശോധന ഇനിയും ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യു.പിയിലെ ചില ജില്ലകളും ഹരിയാന, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി അതിരൂക്ഷമായിരുന്നു. അതിന് ശേഷം ചേര്‍ന്ന പ്രത്യേക റിവ്യൂ യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപപ്പെടുത്തുകയും പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ഫലം തന്നെ ലഭിക്കുകയും ചെയ്‌തെന്നും കാര്യക്ഷമമായ പ്രവര്‍ത്തനം തന്നെ ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.

ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.