1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചന നൽകി മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ, ഈസ്റ്റ് ലാങ്ഷെയർ, വെസ്റ്റ് യോർക്ക് ഷെയർ മേഖലകളിൽ നിന്ന് കൂടുതൽ കേസുകൾ. ഈ പ്രദേശങ്ങളിൽ ഭവന സന്ദർശനം ഉൾപ്പെടെയുള്ള സാമൂഹിക സമ്പർക്കത്തിനുള്ള അനുമതികൾ സർക്കാർ റദ്ദാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറെ വർധിച്ചതാണ് പുതിയ ലോക്ക്ഡൗൺ നിബന്ധനകൾ ഏർപ്പെടുത്താൻ കാരണം. വ്യാഴാഴ്ച അർധരാത്രിയിലാണ് പുതിയ വിലക്കുകൾ നിലവിൽ വന്നത്. ലോക്ക്ഡൗൺ നിലനിൽക്കുന്ന ലെസ്റ്ററിലും ഈ വിലക്കുകൾ ബാധകമായിരിക്കും.

അടുത്ത ബന്ധുക്കളായ കുടുംബാംഗങ്ങൾക്കു പോലും പരസ്പരം വീടുകളിലോ വീടിനു പിന്നിലെ ഗാർഡനുകളിലോ ഒത്തു ചേരാൻ അനുമതിയില്ല. സുഹൃത്തുക്കളും ബന്ധുക്കളും നിയന്ത്രണമില്ലാതെ ഇടപഴകിയതാണ് ഈ പ്രദേശങ്ങളിൽ രണ്ടാമതും രോഗവ്യാപനത്തിനു കാരണമായതെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വിശദീകരിക്കുന്നത്.

എന്നാൽ ലോക്ക്ഡൌൺ വീണ്ടും ഏർപ്പെടുത്തിയ സമയം തെറ്റിപ്പോയെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി കുറ്റപ്പെടുത്തി. മുസ്ലീംങ്ങൾ ഈദ് ആഘോഷിക്കുന്ന വേളയിൽ പെട്ടെന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലക്ഷക്കണക്കിനാളുകൾക്ക് ബുദ്ധിമുട്ടാകും.

രാജ്യത്ത് എളുപ്പത്തിൽ രോഗബാധിതരാകാൻ സാധ്യതയുള്ളവർക്കും രോഗികളായാൽ അപകട സാധ്യത ഏറിയവർക്കും ഏർപ്പെടുത്തിയിരുന്ന ഷീൽഡിംങ് സംരക്ഷണം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 70 വയസിനു മുകളിലുള്ളവരും വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമായി 22 ലക്ഷം പേരാണ് ഇത്തരത്തിൽ ഷീൽഡിങ്ങിൽ കഴിഞ്ഞിരുന്നത്. ഇതിൽ പകുതിയോളം വരുന്ന ജോലിക്കാരായ ആളുകൾക്ക് മുഴുവൻ ശമ്പളത്തോടെയാണ് മൂന്നു മാസത്തിലേറെയായി സർക്കാർ സംരക്ഷണം നൽകിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.