1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാസർകോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും (കാസർകോട്-3, കണ്ണൂര്‍, എറണാകുളം) മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസർകോട്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസർകോട്-2) രോഗം വന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗം ഭേദമായി ആശുപത്രിയിൽ നിന്നു ഡിസ്ചാര്‍ജായി. രണ്ടു പേര്‍ മരിച്ചു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ശനിയാഴ്ച 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ എ.ടി.എമ്മില്‍ പോവാതെ പണം പിന്‍വലിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. പണം പിന്‍‌വലിച്ചവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കണം. പരമാവധി 10,000 രൂപ വരെയാണ് ഒരു ദിവസം ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. ഇതിന് പ്രത്യേക ചാര്‍ജുകളും ഈടാക്കുന്നതല്ല.

പോസ്റ്റ് ഓഫീസില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ക്കൊപ്പം ലഭിക്കേണ്ട പണത്തെക്കുറിച്ചും അറിയിച്ചാല്‍ പോസ്റ്റ് മാന്‍ പണവുമായി വീട്ടിലെത്തും. തപാല്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് സംവിധാനം നല്‍കിയിട്ടുണ്ട്. തപാല്‍ ജീവനക്കാരെല്ലാം ഇന്ത്യാ പോസ്റ്റ് ബാങ്കിന്റെ ജീവനക്കാര്‍ കൂടിയാണ്. അവര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ 112 ഫ്രഞ്ച് വിനോദ സഞ്ചാരികളെ നാട്ടിലേക്ക് തിരികെ അയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഞ്ചാരികളെ തിരിച്ചുകൊണ്ടു പോകുന്നതിനു വേണ്ടി ഫ്രഞ്ച് എംബസി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണ നല്‍കുകയും അവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് വേണ്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്ത ടൂറിസം വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ 232 പൗരന്മാരെ തിരികെ സ്വന്തം നാടുകളിലേക്ക് തിരികെയെത്തിച്ചിരുന്നു. ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ എത്തിവരായിരുന്നു ഇതില്‍ കൂടുതല്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരായിരുന്നു ഇവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.