1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ 12, കാസർകോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂർ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്. പോസിറ്റീവ് ആയതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 732 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേർ ഇപ്പോൾ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേർ. 83649 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 609 പേർ ആശുപത്രികളിലാണ്.

ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിൽ പെട്ട 7072 സാമ്പിളുകളിൽ 6630 എണ്ണം നെഗറ്റീവായി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശ്ശറൂർ 16 എന്നിങ്ങനെ രോഗികൾ ചികിത്സയിലുണ്ട്.

28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 91344 പേരാണ് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ അതിർത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേർ ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 82299 പേരെത്തി. 43 വിമാനത്തിൽ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്റീനിലാണ്. ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധന ഗൗരവമായ മുന്നറിയിപ്പ്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്…

പ്രതിരോധ സന്നാഹങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശം. ഇന്നുള്ളതിനേക്കാൾ കൂടുതൽ പേർ ഇനിയും വരും. ഒരു കേരളീയന് മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല. രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവർക്കും പരിശോധനയും ചികിത്സയും പരിചരണവും നൽകും.

വരുന്നവരിൽ അത്യാസന്ന നിലയിലുള്ള രോഗികളും ഉണ്ടാകും. കൂടുതൽ പേരെ ആശുപത്രിയിൽ കിടത്തേണ്ടി വന്നേക്കും. ഇതൊക്കെ സാധ്യമാകുന്ന രീതിയിൽ വെന്റിലേറ്റടക്കം തയ്യാറാക്കി. ഇത്തരം ഇടപെടലിന് ഇനി മുൻതൂക്കം നൽകും.

അതേസമയം നാം ലോക്ക്ഡൗണിൽ ഇളവ് വരുത്തി. ഇത് നൽകുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചത് പല ഭാഗത്തും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നു. വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്സ് ക്വാറന്റൈൻ. അവരെ സുരക്ഷിതരായി വീടുകളിൽ ഇരുത്തേണ്ടവർ അത് മറക്കരുത്. നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടതല്ല, സ്വയം ചെയ്യേണ്ടതാണ്. ഇത് മറക്കുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നത്.

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ. മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. കർശനമായ മാനദമ്ഢങ്ങൾ പാലിച്ച് പരീക്ഷ നടത്താനുള്ള നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകി. പരീക്ഷാ കേന്0ദ്രം സജ്ജമാക്കൽ, മാനദണ്ഡങ്ങൾ പാലിക്കൽ, പരീക്ഷ കേന്ദ്ര മാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ എന്നിവയ്ക്കുള്ള നിർദ്ദേശം. ഉദ്യോഗസ്ഥർക്കുള്ള നിഡദ്ദേശങ്ങളും നൽകി.

കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷകൾ, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് 14 ദിവസം ക്വാറന്റൈൻ വേണം. അവർക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്ക് പ്രത്യേക ഇരിപ്പിടം. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്ക്രീനിങിന് വിധേയമാക്കും.

അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തിൽ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാർത്ഥികൾ കുളിക്കണം. എല്ലാ സ്കൂളുകളും അണുവിമുക്തമാക്കും. തെർമൽ സ്ക്രീനിങിനായി 5000 ഐആർ തെർമോമീറ്റർ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാൻ നിർദ്ദേശം നൽകി.

പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികൾ അപേക്ഷിച്ചു. ഇവർക്കാവശ്യമായ ചോദ്യപേപ്പർ ഈ വിദ്യാലയങ്ങളിൽ എത്തിക്കും. ഗർഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളിൽ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏർപ്പെടുത്തി. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും. പരീക്ഷ എഴുതാൻ പറ്റാത്ത വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട. ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലർ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തും.

കോളേജുകൾ തുറക്കുന്നു

ലോക്ക് ഡൗണിന് ശേഷം കോളേജുകൾ തുറക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി. ജൂൺ ഒന്നിന് കോളേജുകൾ തുറക്കാനാണ് നിർദ്ദേശം. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ലഭ്യമല്ലാത്തവർക്ക് ക്ലാസിന് പ്രിൻസിപ്പൾമാർക്ക് സൗകര്യം ഒരുക്കി.

പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാപ്പകൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം. അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റം. ബാരം കുറഞ്ഞതും പുതുമയാർന്നതുമായ 2000 ഫെയ്സ് ഷീൽഡുകൾ ലഭ്യമാക്കി. മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചു. ശരീരം മൂടുന്ന മഴക്കോട്ട് കഴുകി ഉപയോഗിക്കാവുന്നതാണ്. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരേപോലെ സംരക്ഷണം ലക്ഷ്യം.

ഗാർഹിക പീഡനം തടയാൻ ജില്ലകളിൽ പ്രത്യേക സെന്ററുകൾ പ്രവർത്തനം തുടങ്ങി. 340 പരാതികൾ ഇതുവരെ ലഭിച്ചു. 254 എണ്ണത്തിൽ കൗൺസിലിങിലൂടെ പരിഹാരം കണ്ടെത്തി. തീവണ്ടികൾ അപ്രതീക്ഷിതമായി കടന്നുവരാം. മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായ അപകടങ്ങൾക്ക് സാധ്യതയുണ്ട്. റെയിൽപാളത്തിലൂടെയുള്ള യാത്ര പാടില്ല.ബസുകളിലും ഓട്ടോകളിലും അനുവദിച്ചതിലധികം പേർ യാത്ര ചെയ്യുന്നു. മാസ്കില്ലാതെയും യാത്ര. ഇത് തടയാൻ ഇടപെടും. കേസെടുക്കാൻ നിർദ്ദേശം നൽകി. തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ തുറക്കും.

മാസ്ക് ധരിക്കാത്ത 4047 സംഭവങ്ങൾ രിപ്പോർട്ട് ചെയ്തു. 100 പേർക്ക് എതിരെ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തും. ലോക്ക്ഡൗണിൽ അടഞ്ഞ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ ബിൽ ഒരമിച്ച് നൽകേണ്ട സ്ഥിതിയിലാണ്.ഫിക്സഡ് ചാർജ്ജ് ഇളവ് നൽകാൻ നിർദ്ദേശം നൽകി.

എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കാൻ പരമാവധി സഹായം സംസ്ഥാനം നൽകും. ഇതിൽ പരാതി അറിയിക്കാൻ പ്രത്യേക പോർട്ടൽ തുറക്കും. പുതിയ അവസരങ്ങൾ ധാരാളം കൈവരുമെന്ന പ്രതീക്ഷ. ഇത് പരമാവധി പ്രയോജനപ്പെടുത്തി വ്യവസായത്തിലും കൃഷിയിലും വലിയ മുന്നേറ്റം നേടണം. ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാന പൂർണ്ണവുമായ പ്രദേശമെന്ന ഖ്യാതി കേരളത്തിന്. ഇത് പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ കേന്ദ്രമാക്കാനുള്ള പദ്ധതികൾക്ക് ഫിക്കി പിന്തുണയും സഹകരണവും അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീട് നൽകാനുള്ള ലൈഫ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കൊവിഡിനെ തുടർന്ന് ഈ പദ്ധതിയും തടസപ്പെട്ടു. എങ്കിലും പുരോഗതിയുണ്ട്. 2.19 ലക്ഷം വീടുകൾ പൂർത്തിയായി. നിർമ്മാണം മുടങ്ങിയ വീടുകളുടെ പൂർത്തീകരണമാണ് ആദ്യം ഏറ്റെടുത്തത്. 52084 വീടുകൾ പൂർത്തിയായി. 54084 അർഹരെ കണ്ടെത്തി. 96.15 ശതമാനം പൂർത്തിയായി. 1266 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവന രഹിതരുടെ 74077 വീടുകൾ നിർമ്മിചട്ചു. 17712 വീടുകളിൽ എഗ്രിമെന്റ് പുതുതായി 2600 വീടുകളൊഴികെ നിർമ്മാണ പുരോഗതിയിൽ.

രണ്ടാം ഘട്ടത്തിൽ 3332 കോടി രൂപ ധനസഹായമായി നൽകി. ഈ വിഭാഗത്തിൽ നാല് ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടത്തിൽ ഏറ്റെടുക്കുന്നത്. അർഹരായ 1.06 ലക്ഷം പേരെയാണ് പരിഗണിക്കുന്നത്. 627 പഞ്ചായത്തുകളിൽ 80 ഓ അതിൽ കുറവോ ആണ് ഗുണഭോക്താക്കളുടെ എണ്ണം. വിവിധ ജില്ലകളിൽ 300 ഓളം സർക്കാർ സ്ഥലം ഭവന സമുച്ചയത്തിനായി കണ്ടെത്തി. നൂറോളം കേന്ദ്രങ്ങളിൽ നിർമ്മാണം ആരംഭിക്കും. 15 സമുച്ചയങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു. 16 സമുച്ചയങ്ങൾ 2020 ഡിസംബറിൽ പൂർത്തിയാക്കും. നൂറോളം സമുച്ചയങ്ങൾ 2021 ജനുവരിയിൽ പൂർത്തിയാക്കും.ലൈഫിന്റെ പുരോഗതിയിൽ തദ്ദേശ സ്ഥാപനങ്ങൾ മികച്ച പങ്ക് വഹിച്ചു.

പെരുന്നാൾ ഇളവുകൾ

ഒരു മാസത്തെ റംസാൻ വ്രതത്തിന് ശേഷം മുസ്ലിങ്ങൾ ഈദുൽ ഫിത്തർ ആഘോഷിക്കാനൊരുങ്ങുന്നു. കേരളീയ സഹോദരങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസിക്കുന്നു. മുൻപില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും കടന്നുപോകുമ്പോഴാണ് പെരുന്നാൾ വരുന്നത്. റമദാൻ വ്രതം എടുക്കുന്നവർക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാൾ. പതിവ് ആഘോഷത്തിനെ സാഹചര്യമല്ല ഉള്ളത്. പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണം. സമൂഹത്തിന്റെ സുരക്ഷയും താത്പര്യവും മുൻനിർത്തിയാണ് സമുദായ നേതാക്കൾ ഈ തീരുമാനം എടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.