1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

18 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്‍ഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8110 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7994 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

യുഎസിൽ നിന്നും കാനഡയില്‍ നിന്നും നാട്ടിലേയ്ക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക വിമാന സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന കേരളത്തിലേക്കു കൂടുതല്‍ വിമാന സര്‍വീസുകൾ വേണമെന്ന് ആവശ്യപ്പെട്ടു വിദേശ മന്ത്രാലയത്തിനു കത്തുനല്‍കിയിട്ടുണ്ട്. യുഎസിലെ മലയാളി സംഘടനാ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ ‌എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്നങ്ങളും നിരന്തരം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീസയുടെ കാലാവധി കഴിഞ്ഞു വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ നിയമക്കുരുക്കില്‍ പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്തു പഠിക്കാന്‍ പോയി പെട്ടുപോയവരെ തിരികെ എത്തിക്കുക എന്നത് അടിയന്തര ആവശ്യമാണ്. നോര്‍ക്കവഴി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ് ഡെസ്ക് മലയാളികള്‍ കൂടുതലുള്ള എല്ലാ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വന്ദേഭാരത് മിഷനില്‍ ഇനിയും ഉള്‍പ്പെടാത്ത ധാരാളം മലയാളികള്‍ നാട്ടിലേക്കു വരാന്‍ കാത്തിരിക്കുകയാണ്. . എല്ലാവരെയും കൊണ്ടുവരാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. തിരിച്ചുവരുന്നവര്‍ക്ക് വൈദ്യപരിശോധനയും ക്വാറന്‍റീനും ചികിത്സയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. ലേബര്‍ ക്യാംപില്‍ കഴിയുന്ന തൊഴിലാളികള്‍, ജയില്‍ മോചിതരായി തിരികെ വരുന്നവര്‍ എന്നിവരുടെ വിമാന ടിക്കറ്റിന്‍റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണു കേന്ദ്രം കൂടുതല്‍ വിമാനങ്ങൾ അനുവദിക്കാത്തതെന്ന് പറയുന്നതു ശരിയല്ല. നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ മെയ് അഞ്ചിന് തന്നെ വിദേശ മന്ത്രാലത്തിന് അയച്ചു കൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചാര്‍ട്ടേഡ് ഫ്ളൈറ്റിനു സംസ്ഥാനത്തിന്‍റെ അനുമതി വേണമെന്ന പ്രചാരണം ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിമാനം നാട്ടിലെത്തും. വിദേശത്തു കുടുങ്ങിയവരെ തിരികെകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.