1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് ബാധിച്ചവരിൽ കണ്ണൂരിൽ നാല് പേർ, ആലപ്പുഴയിൽ നിന്ന് 2, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് അസുഖമുണ്ടായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകൾ അവസാനിപ്പിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

13 പേരുടെ ഫലം നെഗറ്റീവായി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതം. കണ്ണൂരിൽ നിന്ന് ഒരാൾക്ക് വീതം രോഗമില്ലെന്ന് കണ്ടെത്തി.ഇതുവരെ 345 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 259 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,40,470 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 749 പേരാണ് ആശുപത്രികളിൽ. ബാക്കിയുള്ളവർ വീടുകളിൽ. 169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതിൽ 10906 എണ്ണത്തിൽ രോഗബാധയില്ലെന്നുറപ്പാക്കി. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് നമ്മുടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഇതിൽ ഇന്നത്തെ രണ്ട് ഉൾപ്പടെ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഒപ്പം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കാസർകോട് മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. ഇതിന്‍റെ ആദ്യഘട്ടത്തിൽ 300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.

അതേസമയം രോഗ വ്യാപനത്തിന്‍റെ സാഹചര്യം നിയന്ത്രിക്കാനായെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വിലയിരുത്തുന്നത്. ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതിനോട് യോചിപ്പില്ല. അതേ സമയം കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.

ഇന്ന് 1940 ചരക്ക് ലോറികൾ സംസ്ഥാനത്തേക്ക് വന്നു. ഇന്നലത്തേിൽ നിന്ന് കൂടി. അത്യാവശ്യഘട്ടം വന്നാൽ ഉപയോഗിക്കാനുള്ള കിടക്കകളും മുറികളും കണ്ടെത്തുന്നതിൽ വലിയ പുരോഗതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1,73,000 കിടക്കകളിൽ 1,10,000 ഇപ്പോൾത്തന്നെ ഉപയോഗിക്കാവുന്നതാണ്.

കാസർകോട് അതിർത്തിയിൽ ഡോക്ട‍ർമാർ സജീവമായി രംഗത്തുണ്ട്. കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും അങ്ങോട്ട് പോയാൽ മതി. മംഗലാപുരത്ത് എത്തിയ ചില രോഗികൾക്കുണ്ടായ അനുഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർണാടക സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ മുന്നിൽ ഇപ്പോഴുള്ള പ്രധാന പ്രശ്നം പ്രവാസി മലയാളികൾ അനുഭവിക്കുന്ന കഷ്ടതയാണ്. അമേരിക്കയിലും മറ്റും മലയാളികൾ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്ത വീണ്ടും വരുന്നു. പല രാജ്യങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങൾ വിളിക്കുന്നു. പ്രവാസി സഹോദരങ്ങൾ കൂടുതലുള്ള രാജ്യങ്ങളിൽ പ്രവാസി സമൂഹവുമായി സഹകരിച്ച് അഞ്ച് ഹെൽപ് ഡസ്കുകൾ നോർക്ക തുടങ്ങിയിട്ടുണ്ട്.

ആ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും അടങ്ങുന്ന ഗ്രൂപ്പുകളാക്കി പ്രവർത്തിക്കുന്നു. ഈ ഹെൽപ് ഡസ്കുകളുമായി സഹകരിക്കാൻ ഇന്ത്യൻ സ്ഥാനപതികളോട് അഭ്യർത്ഥിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം നൽകും. ഇവിടത്തെ ഡോക്ടർമാരുമായി ഓഡിയോ, വീഡിയോ കോളുകളിലൂടെ സംസാരിക്കാം. നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കുക. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, സർജറി, ഗൈനക്കോളജി, ഇഎൻടി, ഒഫ്ത്താൽമോളജി എന്നീ മേഖലകളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

വിദേശത്ത് ആറ് മാസത്തിൽ കുറയാതെ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് നോർക്ക റജിസ്ട്രേഷൻ കാർഡ് ഇപ്പോഴുണ്ട്. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും അത് നൽകും. റജിസ്ട്രേഷന് നോർക്ക റൂട്ട്സ് ഓവർസീസ് സൗകര്യം നൽകും. ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ഉണ്ടാകും. വിദേശത്ത് ഇനി പോകുന്നവർ അടക്കം ഇതിൽ റജിസ്റ്റ‍ർ ചെയ്യണമെന്നത് നിർബന്ധമാണ്.

സംസ്ഥാനത്ത് രണ്ട് മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്‌ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. അതിനാല്‍ തന്നെ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ജില്ലാ ഇന്‍സ്‌പെക്ടര്‍മാരുടെ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ മരുന്നെത്തിക്കുന്നതാണ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ 7403006100 എന്ന നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്.

ഇതുകൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ കെ.എം.എസ്.സി.എല്‍. മുഖേന ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.