1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2020

സ്വന്തം ലേഖകൻ: സമ്പൂർണ ലോക്ക്ഡൌണിലായ ആദ്യ ബ്രിട്ടീഷ് നഗരമായി ലെസ്റ്റർ സിറ്റി. കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് കേസുകളിൽ പത്തു ശതമാനവും ഇവിടെ നിന്നായതോടെയാണ് കടുത്ത നടപടികളിലേക്കു നീങ്ങാൻ സർക്കാർ തീരുമാനിച്ചത്. 944 പോസിറ്റീവ് കേസുകളാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണാണ് ലെസ്റ്ററിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധി മലയാളികൾ അടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാർ പാർക്കുന്ന “ബ്രിട്ടനിലെ മിനി ഇന്ത്യ’’ എന്നറിയപ്പെടുന്ന പ്രദേശമാണ് ഈസ്റ്റ് മിഡ്‌ലാൻസിലെ ലെസ്റ്റർ സിറ്റി. ഇവിടുത്തെ ജനസംഖ്യയിൽ 45 ശതമാനത്തിലേറെയും ഏഷ്യൻ- ആഫ്രിക്കൻ വംശജരാണ്. ഒരുലക്ഷം പേരിൽ 135 പേർക്ക് എന്ന നിലയിലാണ് രോഗവ്യാപന നിരക്ക്. മറ്റു പ്രദേശങ്ങളേക്കാൾ മൂന്നിരിട്ടി കൂടുതലാണിത്.

രാജ്യത്ത് ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന ലോക്ക്ഡൗൺ ഇളവുകളൊന്നും ലെസ്റ്ററിന് ബാധകമായിരിക്കില്ല. ആളുകൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നാണ് നിർദേശം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ എല്ലാം ഇന്നു മുതൽ അടയ്ക്കും. വ്യാഴാഴ്ച മുതൽ സ്കൂളുകൾക്ക് അവധിയാണ്. വേനലവധിക്കു ശേഷമേ ഇനി ഇവിടെ സ്കൂളുകൾ തുറക്കൂ. ലെസ്റ്ററിലേക്കോ പുറത്തേയ്ക്കോ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ നിർദേശമുണ്ട്. ജൂലൈ ആറുമുതൽ ഷീൽഡിങ്ങിലുള്ളവർക്ക് അനുവദിച്ചിരുന്ന ഇളവുകളും ലെസ്റ്ററിൽ ഉണ്ടാകില്ല.

സമീപ പ്രദേശങ്ങളായ ഓഡ്ബി, ബ്രിസ്റ്റോൾ, ഗ്ലെൻഫീൽഡ് എന്നിവിടങ്ങളിലും ഈ ലോക്ക്ഡൗൺ നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് പാർലമെന്റിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.