1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2020

സ്വന്തം ലേഖകൻ: “നഴ്സ് ആണെങ്കിലും എല്ലാം അറിയണമെന്നില്ല,” എന്ന് ഓർമ്മിപ്പിക്കുകയാണ് ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന രശ്മി പ്രകാശ്. ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് NHS ഹോസ്പിറ്റലിലാണ് രശ്മി നഴ്സായി ജോലി ചെയ്യുന്നത്. മലയാള മനോരമയിൽ എഴുതിയ കുറിപ്പിലാണ് രശ്മി കൊവിഡ് പഠിപ്പിച്ച് ജീവിതപാഠം പങ്കുവെക്കുന്നത്.

രശ്മിയുടെ കുറിപ്പ് വായിക്കാം.

പല തരത്തിലുള്ള അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്സും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ കോവിഡ് -19 എന്ന ഈ മഹാവിപത്ത്‌ നമ്മൾ കരുതിയതിലും എത്രയോ അപ്പുറത്താണ്. ലണ്ടനടുത്തുള്ള ചെംസ്ഫോർഡിൽ, ബ്രൂംഫീൽഡ് NHS ഹോസ്പിറ്റലിലാണ് ഞാൻ നഴ്സ് ആയി ജോലി ചെയ്യുന്നത്.

കോവിഡ് -19 പോസിറ്റീവ് ആയവരും റിസൾട്ട് പോസിറ്റീവ് ആകാൻ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു ഞങ്ങളുടെ
യൂണിറ്റിൽ ഉള്ളത്. ഞങ്ങൾക്കാർക്കുംതന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെയാണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്.

മൂന്നു നാലാഴ്ചകൾ കുഴപ്പമില്ലാതെ കടന്നു പോയെങ്കിലും പതിയെ പതിയെ ഞങ്ങൾ ഓരോരുത്തരിലും കോവിഡിന്റെ സൂചനകൾ തലപൊക്കിത്തുടങ്ങി. പനിയും ശ്വാസതടസ്സവും ചുമയും തൊണ്ടവേദനയും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങൾ എന്ന് നമുക്കെല്ലാം അറിവുള്ളതാണ്.

ചിലപ്പോൾ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാൽ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്. യുകെയിലെ ആശുപത്രിയിലെ രീതികൾ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.

നിങ്ങൾ ഒരു നഴ്സ് ആണെങ്കിൽ കൂടി എനിക്കിതിനെക്കുറിച്ചെല്ലാം അറിയാം ആശുപത്രിയിൽ ചെന്നാലും എന്തൊക്കെ ചെയ്യും എന്നെനിക്കറിയാം എന്ന് ദയവു ചെയ്തു വിചാരിക്കരുത്. ശ്വാസതടസ്സമോ നെഞ്ച് വേദനയോ നെഞ്ചിനു വല്ലാത്ത ഭാരമോ ഒക്കെ അനുഭവപ്പെട്ടാൽ, റസ്റ്റ് എടുത്തിട്ടും യാതൊരു മാറ്റവും കാണുന്നില്ല എങ്കിൽ ഉടൻ 999 വിളിക്കുക.

ഡ്യൂട്ടിക്കിടയിൽ ആണ്, പെട്ടന്ന് പനിയും ശരീരവേദനയുമായി ഞാൻ വയ്യാതാകുന്നത്. കോവിഡിന്റെ അസ്വസ്ഥതകളുമായി സിക്ക്‌ ലീവിൽ ആയിരിക്കുമ്പോൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എനിക്ക് ചെറിയൊരു ശ്വാസതടസ്സവും നെഞ്ചിനു വല്ലാത്തഭാരവും അനുഭവപ്പെട്ടു. സ്വയം ബ്ലഡ് പ്രഷറും പൾസും ഒക്കെ നോക്കി കുഴപ്പമില്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു. ഭർത്താവിനോടും എന്റെ കൂടെ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തിനോടും മാത്രം വിവരങ്ങൾ പങ്കുവച്ചു.

രാവിലെ എണീറ്റപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ജി പി യിൽ വിളിച്ചു ഒരു കോൾ ബാക്ക് റിക്വസ്റ്റ് ഇട്ടു. എന്തൊക്കെയോ ശരിയല്ല എന്ന തോന്നൽ. എന്നും മുറ തെറ്റാതെ അസുഖത്തെക്കുറിച്ച് അന്വേഷിക്കുകയും, കൂടെയുണ്ടെന്ന് ആത്മാർത്ഥമായി പറയുകയും ചെയ്യുന്ന അടുത്ത സുഹൃത്തുക്കളോട് പോലും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ എനിക്ക് നെഞ്ചു വേദന ആരംഭിച്ചു. രക്തസമ്മർദവും ഹൃദയമിടിപ്പും ക്രമാതീതമായി വർധിച്ചു. ഞാൻ പെട്ടന്ന് തന്നെ 999 വിളിച്ചു വിവരങ്ങൾ കൊടുത്തു.

ഞാൻ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പോയാൽ എന്തു ചെയ്യണമെന്ന് ഒരു പേപ്പറിൽ എഴുതി വച്ചു. ഏട്ടനേയും സുട്ടു കുട്ടനെയും പരിഭ്രാന്തിയിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങളായിരുന്നില്ല. മൂന്നു മിനിറ്റിനുള്ളിൽ ആംബുലൻസ് വന്നു. ഇസിജി എടുത്തപ്പോൾ ഹൃദയമിടിപ്പ്‌ വീണ്ടും കൂടി 145/mt ആയിരുന്നു.

പെട്ടന്നുതന്നെ അവർഎന്നെ ആശുപത്രിയിലേക്ക് മാറ്റി. ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലായതുകൊണ്ട് എമർജൻസി ഡിപ്പാർട്മെന്റിലെ പല നഴ്സുമാരെയും പരിചയമുണ്ടായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ചെസ്ററ് എക്സ്റേ മുതൽ സിടി സ്കാൻ വരെയുള്ള മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. ആ സമയത്ത്‌ ആംബുലൻസ് വിളിക്കാൻ തോന്നിപ്പിച്ചതിനു ദൈവങ്ങൾക്ക് നന്ദി.

കൊറോണയുടെ വിലക്ക് മൂലം ഹോസ്പിറ്റലിനകത്തേക്ക് വരാൻ കഴിയാതെ ഏട്ടനും മോനും കാറിനുള്ളിൽ പ്രാർഥിച്ചു കൊണ്ടേയിരുന്നു. ഒരുവലിയ പേമാരി പെയ്തൊഴിഞ്ഞിരിക്കുന്നു. ഞാൻ ഇപ്പോൾ വീട്ടിൽ സുഖം പ്രാപിച്ചു വരുന്നു.

നിങ്ങളുടെ രോഗം കൂടുതലായാൽ ദയവു ചെയ്തു ഉടൻ 999 വിളിക്കുക. അതിൽ ഒരു തരത്തിലും ഉപേക്ഷ വിചാരിക്കരുത്. കോറോണ ബാധിച്ച 30 നും 50 നും ഇടയ്ക്ക് പ്രായമുള്ളവർ PE ( Pulmonary embolism ) സ്‌ട്രോക്കും ബാധിച്ചു മരിക്കുന്നതിനെക്കുറിച്ചു ഓസ്ട്രേലിയൻ ഡോക്ടർ ‍ഡോ. തോമസ് ഒക്സ്‌ലെ എഴുതിയ ഒരു ആർട്ടിക്കിൾ കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ഒരുപക്ഷേ ഇനിയും എത്രയോ പുതിയ രോഗലക്ഷണങ്ങൾ കൊറോണയുമായി ബന്ധപ്പെട്ട് കണ്ടുപിടിക്കാനിരിക്കുന്നു.

രോഗം സുഖമായി ഇനിയും കൊറോണ വാർഡുകളിലേക്കാണ് ഞാനും എന്നെപ്പോലെയുള്ള അനേകം നഴ്സുമാരും ഇനിയും ജോലിക്കായി പോകേണ്ടത്. ജാഗ്രത മാത്രമല്ല ഈ രോഗത്തെ പേടിക്കുക തന്നെ വേണം. പേടിയുണ്ടെങ്കിലേ നമ്മൾ കൂടുതൽ ശ്രദ്ധിക്കൂ.

പ്രാർത്ഥിച്ചവർക്കും അന്വേഷിച്ചവർക്കും ചേർത്തുപിടിച്ചു കൂടെനിന്നവർക്കും നന്ദി, സ്നേഹം.

രശ്മി പ്രകാശ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.