1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന‌ കോടതി പറഞ്ഞു. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് സർക്കാർ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.

ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനിൽ 6000 മത്സ്യ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. ഈ കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി വേണമെന്ന് തുഷാർമേത്ത കോടതിയോട് ആവശ്യപ്പെട്ടു.

യുകെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി പരിഗണിച്ചു. ഇതിന് കേന്ദ്രസർക്കാർ ഇടപെടുന്നുണ്ടെന്നും യുകെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി. സുരക്ഷിതരാണെങ്കിൽ പിന്നെ എന്തിനാണ് വരുന്നതെന്ന് ജസ്റ്റിസ് നാഗേശ്വർ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കിൽ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രവാസി ലീഗൽ സെൽ, എം കെ രാഘവൻ എംപി ഉൾപ്പടെയുള്ളവര്‍ നല്‍കിയ ഹർജികളും പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കേസ് പരിഗണിക്കുക. വിസിറ്റിംഗ് വീസയിലും ടൂറിസ്റ്റ് വീസയിലുമൊക്കെ പോയ നിരവധി പേർ ഗൾഫ് നാടുകളിൽ കുടുങ്ങിയിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് ഇന്ത്യക്കാർ രോഗബാധിതരായും ദുരിതമനുഭവിക്കുകയാണ്. രോഗമില്ലാത്തവരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയക്കണം. രോഗബാധിതർക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി ചിലയാളുകള്‍ അമിതാവേശം കാണിച്ചതിന് കിട്ടിയ തിരിച്ചടിയാണെന്ന് മന്ത്രി കെ.ടി ജലീല്‍.

വടി കൊടുത്ത് അടി വാങ്ങുക എന്ന് സാധാരണ നമ്മള്‍ പറയാറുണ്ട്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സത്യത്തില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ സാഹചര്യങ്ങള്‍ നല്ല രീതിയില്‍ ആയാല്‍, സാധാരണ എയര്‍ സര്‍വീസ് പുനസ്ഥാപിക്കപ്പെട്ടാല്‍ ആളുകള്‍ക്ക് ഇവിടെ എത്താനുള്ള സാധ്യത പോലും ഒരു മാസത്തേക്ക് നിര്‍ബന്ധമായും ഇല്ലാതാകുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.

“മാര്‍ച്ച് 1 മുതല്‍ 20 വരെ ഒരു ലക്ഷത്തോളം പ്രവാസികള്‍ ഇവിടേക്ക് വന്നു. അതില്‍ ആരേയും ആളുകള്‍ രണ്ട് കണ്ണുകൊണ്ട് കണ്ടിട്ടില്ല. അവരെ സര്‍ക്കാര്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചു. നിരീക്ഷണത്തിലാക്കേണ്ടവരെ നീരീക്ഷണത്തിലാക്കി, ചികിത്സ നല്‍കേണ്ടവര്‍ക്ക് നല്‍കി, ശേഷം അവര്‍ രോഗമുക്തരായി വരുന്ന കാഴ്ച കാണാന്‍ സാധിച്ചു.

എന്നാല്‍ ഇപ്പോള്‍ ചിലര്‍ സുപ്രീം കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധി ഉണ്ടാക്കിയെടുത്തിരിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കണമായിരുന്നു. കേന്ദ്രഗവര്‍മെന്റിനെ കൊണ്ട് തീരുമാനം എടുപ്പിച്ച് കൊണ്ടുപോകേണ്ടതിന് പകരം ചില വഴികള്‍ സ്വീകരിച്ചതിലുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്,” കെ.ടി ജലീല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.