1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 25 ആയി. 154 പേര്‍ക്ക് കൂടി ഇന്ന് പുതുതായി കോവി‍ഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 351 ആയും ഉയര്‍ന്നു. ഇന്ന് 23 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1663 പേരാണ്.

കോവിഡ് പ്രതിസന്ധി ലഘൂകരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഒമ്പത് ബില്യണ്‍ റിയാലിന്റെ സഹായം നീക്കി വെച്ചതായുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുക. ഇതിനായി നിബന്ധനകള്‍ പാലിച്ച കമ്പനികള്‍ക്കെല്ലാം സഹായം ലഭിക്കും. 12 ലക്ഷം സൗദി ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം നല്‍കും. മൂന്ന് മാസമാണ് ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കുക.

ഉത്തരവ് പ്രകാരം, സ്വകാര്യ മേഖലയിലെ സൗദി സ്വദേശികളുമായുള്ള കരാര്‍ തൊഴില്‍ സ്ഥാപനം റദ്ദാക്കാതിരിക്കാനാണ് ഭരണകൂടത്തിന്റെ സഹായം. സ്വദേശിവത്കരണ തോത് പാലിച്ച എല്ലാ സ്വകാര്യ കമ്പനികള്‍ക്കും ആനുകൂല്യം ലഭിക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളതുകയുടെ അറുപത് ശതമാനമാണ് ഇപ്രകാരം ലഭിക്കുക.

അഞ്ചോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനമാണെങ്കില്‍ എല്ലാവര്‍ക്കും 60 ശതമാനം ശമ്പളം അപേക്ഷ നല്‍കിയാല്‍ ലഭിക്കും. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ അവരിലെ 70 ശതമാനം ജീവനക്കാര്‍ക്കാണ് ആനുകൂല്യമാണ് കമ്പനിക്ക് ലഭിക്കുക. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശികളുടേയും വിദേശികളുടെയും തൊഴില്‍ സുരക്ഷ ലക്ഷ്യം വെച്ചാണ് രാജകല്‍പനയെന്നും നന്ദിയുണ്ടെന്നും ഗോസി ചെയര്‍മാനും ധനകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ജദ്ആന്‍ പറഞ്ഞു.

ഇന്ന് മുതല്‍ ഇതിനുള്ള അപേക്ഷകള്‍ കമ്പനികള്‍ക്ക് നല്‍കാം. അടുത്ത മാസം മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ ആനുകൂല്യം ലഭ്യമാകും. സാനിദ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ആനുകൂല്യം ലഭിക്കുന്ന ജീവനക്കാരെ അതിന്റെ പേരില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ സൌദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ച ലെവി ഇളവുകള്‍ പ്രാബല്യത്തിലായി. ഇന്നലെ രാത്രി മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൌജന്യമായി നീട്ടി. ജൂണ്‍ 30നകം ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് മൂന്ന് മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ഇഖാമ കാലാവധി ജവാസാത്ത് വിഭാഗം നീട്ടി നല്‍കുന്നത്. ഭൂരിഭാഗം പേര്‍ക്കും ഇതിനകം ഇത് സംബന്ധിച്ച എസ്എംഎസ് ലഭിച്ചു കഴിഞ്ഞു. നാട്ടില്‍ അവധിക്ക് പോയി കുടുങ്ങിയവരുടേയും ഇഖാമ പുതുക്കി ലഭിച്ചിട്ടുണ്ട്.

നിലവില്‍ എക്സിറ്റ് എന്‍ട്രി കരസ്ഥമാക്കിയവര്‍ക്കും ഇഖാമ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്. അബ്ഷീര്‍ വഴി പരിശോധിച്ചാല്‍ ഇഖാമയുടെ പുതുക്കിയ കാലാവധി അറിയാനാകും. ഈ കാലാവധിക്ക് ശേഷം മാത്രം ലെവി അടച്ചാല്‍ മതി. ആശ്രിതകര്‍ക്കും ഇളവ് ലഭിച്ചത് വലിയ നേട്ടമായാണ് പ്രവാസികള്‍ കാണുന്നത്. ഇതിനകം പുതുക്കി ലഭിക്കാത്തവര്‍ക്കും നേട്ടം വരും മണിക്കൂറുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മാര്‍ച്ച് 18നും ജൂണ്‍ മുപ്പതിനും ഇടയില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമ സൌജന്യമായി നീട്ടി ലഭിക്കുന്നത്. ചിലര്‍ ലെവി അടക്കുന്നതിനായി പണം അബ്ഷീറില്‍ അടച്ചിരുന്നെങ്കിലും ഈ തുക നഷ്ടമായിട്ടില്ല. നിലവില്‍ ഇഖാമ തുക അടച്ചവര്‍ക്കും മൂന്ന് മാസം അധികമായി കാലാവധി ലഭിച്ചിട്ടുണ്ട്. നിലവില്‍ എക്സിറ്റ് അടിച്ചവര്‍ക്ക് കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ആയിരം റിയാലാണ് എക്സിറ്റ് കാലാവധി കഴിഞ്ഞാലുള്ള പിഴ. ഇവര്‍ക്ക് വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് എക്സിറ്റ് വിസ സ്വന്തമാക്കുകയും ചെയ്യാം.

യുഎഇയിൽ 1,024 പേർക്ക് രോഗം സ്ഥിരീകരിച്ചു. 920 രോഗികൾ ചികിത്സയിലാണ്. 96 പേരുടെ രോഗം മാറി. മരണം 8. കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി കര്‍ശന നടപടികളാണ് യുഎഇ ഭരണകൂടം സ്വീകരിച്ചു വരുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ചാലുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കി. വൈറസ് പരത്തുന്നതിന് മനപ്പൂര്‍വ്വം ശ്രമം നടത്തിയാല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷയോ ഒരു ലക്ഷം ദി‍ർഹം വരെ പിഴയോ ഈടാക്കാനും യുഎഇ ഭരണകൂടം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വൈറസ് ബാധ ഉണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്തത് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജയില്‍ ശിക്ഷ അല്ലെങ്കില്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ കാലാവധി പൂര്‍ത്തിയാകുന്ന താമസ വിസയുള്‍പ്പടെ എല്ലാത്തരം യുഎഇ വിസകളും മൂന്നു മാസത്തേയ്ക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിമാന യാത്രാ വിലക്ക് നീക്കിയിട്ടില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് താത്കാലിക അനുമതി നല്‍കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റി ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങിലേക്ക് തിങ്കളാഴ്ച മുതല്‍ പ്രത്യേക സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബഹ്റൈനിലും കോവിഡ് -19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി വരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന 113 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്. ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരിൽ 382 പേർ സുഖം പ്രാപിച്ചു. നിലവിൽ 286 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കുവൈത്തിൽ 75 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 417 ആയി. 42 ഇന്ത്യക്കാർക്കു പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയർന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.