1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷവും കടന്ന് മുന്നോട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,822,571 കൊവിഡ് രോഗികളാണ് ലോകത്തുള്ളത്. മരണം 358,126 ആയി. 2,522,999 പേരാണ് രോഗമുക്തി നേടിയത്. അമേരിക്ക തന്നെയാണ് മരണ നിരക്കിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലും റഷ്യയുമാണ് തൊട്ടുപിന്നിൽ.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടി യൂറോയുടെ സാമ്പത്തിക സഹായ പദ്ധതിക്ക് രൂപം നല്‍കി. ഇ.യുവില്‍ അംഗങ്ങളായ 27 രാജ്യങ്ങള്‍ക്കും ഈ ഫണ്ടില്‍നിന്നു പണം വായ്‌പയായും ഗ്രാന്റായും നല്‍കാനാണു പദ്ധതി. ഇതുവരെ കോവിഡ്‌ തീവ്രമായി ബാധിച്ചതു യൂറോപ്പിനെയാണ്‌. മഹാമാരിക്കു മുമ്പുതന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പല രാജ്യങ്ങളും അതോടെ തകര്‍ന്നടിഞ്ഞു.

മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി കടബാധ്യത ഏറ്റെടുക്കാന്‍ തയാറല്ലെന്നും കുറഞ്ഞ പലിശയില്‍ വായ്‌പ ലഭ്യമാക്കിയാണ്‌ ആശ്വാസ നടപടി സ്വീകരിക്കേണ്ടതെന്നും വാദിക്കുന്ന ഓസ്‌ട്രിയ, നെതര്‍ലന്‍ഡ്‌സ്‌, ഡെന്മാര്‍ക്ക്‌, സ്വീഡന്‍ എന്നിവരെ അനുനയിപ്പിച്ചുവേണം പദ്ധതിയുമായി മുന്നോട്ടു പോകാന്‍ എന്നതാണ് ഇയൂവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

30 വര്‍ഷം തിരിച്ചടവു കാലാവധി വച്ച്‌ വിപണിയില്‍ നിന്ന് വായ്‌പയെടുക്കാനാണ്‌ ആലോചന. തിരിച്ചടവിനു പണം കണ്ടെത്താനായി രാജ്യാന്തര കമ്പനികള്‍ക്കും പ്ലാസ്‌റ്റിക്‌ നിര്‍മാതാക്കള്‍ക്കും മറ്റും അധിക നികുതി ചുമത്തുമെന്നും സൂചനയുണ്ട്.

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് മലയാളി ഉൾപ്പെടെ 412 പേർ. ഇതോടെ ആകെ മരണസംഖ്യ 37,460 ആയി ഉയർന്നു. രോഗവ്യാപനം തടയുന്നതിന് രാജ്യത്ത് പുതുതായി ആവിഷ്കരിക്കുന്ന കോൺടാക്ട് ട്രേസിംങ് സംവിധാനം ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. മൊബൈൽ ആപ്പിന്റെ സഹായത്തോടെയുള്ള ഈ കോൺടാക്ട് ട്രേസിംങ്ങിലൂടെ രോഗികളുമായി ബന്ധപ്പെടുന്നവരെ കണ്ടെത്തി മറ്റുള്ളവർക്ക് ഇവരിൽനിന്നും അകലം പാലിക്കാനാകും.

രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടു എന്ന് ഉറപ്പുള്ളവർക്ക് 14 ദിവസത്തെ ക്വാറന്റൈനൊപ്പം രോഗപരിശോധനയും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ സംവിധാനം നിലവിലെ ജീവിതരീതി തന്നെ മാറ്റുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഇത് മാജിക് ബുള്ളറ്റല്ലെന്നും അഞ്ചുമുതൽ 15 ശതമാനം വരെ രോഗവ്യാപനം തടയാനെ ഇത് ഉപകരിക്കൂ എന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്നലെ മരിച്ചു. മകളെയും കുടുംബത്തെയും കാണാൻ നാട്ടിൽനിന്നും എത്തിയ തൃശൂർ കല്ലൂർ ചിറയത്ത് തെക്കേത്തല സണ്ണി ആന്റണി (61) ആണ് ഇന്നലെ നോർത്താംപ്റ്റണിൽ മരിച്ചത്. ഭാര്യയോടൊപ്പം നാട്ടിൽനിന്നും ആഴ്ചകൾക്കു മുമ്പ് ഇവിടെയെത്തിയ സണ്ണി ആന്റണി നോർത്താംപ്റ്റൺ എൻ.എച്ച്.എസ്. ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 15 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.