1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ മാർക്കറ്റ് ഹാളുകൾക്കും ഓപ്പൺ മാർക്കറ്റുകൾക്കും കാർ ഷോറൂമുകൾക്കും ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ജൂൺ 15 മുതൽ അത്യാവശ്യമല്ലാത്ത മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളും തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ് റീട്ടെയിൽ വ്യാപാരമേഖലയിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിനായി പാലിക്കേണ്ട പുതിയ നിബന്ധനകൾ സർക്കാർ ഇന്നലെ പുറത്തിറക്കി. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമാകും തുറന്നു പ്രവർത്തിക്കാൻ അനുമതി.

എല്ലാ ഷോപ്പുകളും തുറക്കുന്നതോടെ ലോക്ക്ഡൌണ്‍ ഏകദേശം അവസാനിക്കുന്ന അവസ്ഥയിലെത്തും. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ അടക്കം എല്ലാ അപ്രധാന ഷോപ്പുകളും ഈ ഗണത്തില്‍പ്പെടും. അതിനിടെ അധ്യാപക സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ ജൂണ്‍ 1 മുതല്‍ സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

സ്കൂളുകള്‍, ഷോപ്പുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍ തുറക്കുന്നതോടെ ലോക്ക്ഡൌണ്‍ ഏകദേശം അവസാനിച്ച പ്രതീതിയാണ് ഉണ്ടാകുക. കുടുംബ സന്ദര്‍ശനങ്ങള്‍ക്കുള്ള വിലക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മുതല്‍ എടുത്തു കളഞ്ഞിരുന്നു. കാര്‍ ഷോറൂമുകളും തെരുവ് കച്ചവടങ്ങളും ജൂണ്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

ഇനി നിയന്ത്രണങ്ങള്‍ എടുത്തു കളയാന്‍ ബാക്കിയുള്ളത് സിനിമ, സ്പോര്‍ട്സ് ഇവന്‍റുകള്‍ തുടങ്ങിയ വിനോദ മേഖലകളില്‍ മാത്രമാണ്. 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥകള്‍ ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ബാധകമാണ്.

ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വിവാദത്തിലായ പ്രധാനമന്ത്രി ബോറിസിന്റെ ഉപദേശകൻ ഡൊമിനിക് കമ്മിങ്സ് രാജിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. രാജിവയ്ക്കാൻ തക്ക തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിവാക്കാനാകാത്ത യാത്രചെയ്തതിൽ ഖേദിക്കുന്നില്ലെന്നും അദ്ദേഹംതന്നെ വ്യക്തമാക്കി. പ്രധാനമന്ത്രിയും അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

121 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. മാർച്ച് 24ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഏറ്റവും കുറച്ചാളുകൾ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച തുടർച്ചയായ രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ. ദിവസേനയുള്ള മരണം ആയിരത്തിന് അടുത്തെത്തിയ സ്ഥിതിയിൽനിന്നാണ് നൂറിന് അടുത്തേക്കുള്ള ഈ തിരിച്ചുവരവ് എന്നതും നേട്ടമായി. നിലവിൽ 265,227 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 37,048 പേർ രോഗം ബാധിച്ച് മരിച്ചു.

ജർമ്മനി

ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 5 വരെ തുടരുമെന്ന് ചാൻസലർ അംഗല മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. മാസ്ക്കുകൾ ധരിച്ച് പുറത്തിറങ്ങുക, ഒന്നര മീറ്റർ അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ പത്തുപേരിൽ കൂടുതൽ ഒത്ത് കൂടാതെയിരിക്കുക, വീടുകളിൽ അറിയാവുന്ന രണ്ടു കുടുംബക്കാരെ മാത്രം അതിഥികളായി ക്ഷണിക്കുക എന്നിവയാണ് പ്രധാന നിയന്ത്രണങ്ങൾ.

ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും രണ്ടാം വരവ് വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്. ഈ കാര്യത്തിലാണ് മെർക്കലിന് ആശങ്ക. കോവിഡ് വ്യാപനത്തിനെതിരെ മെർക്കൽ സ്വീകരിച്ച നടപടികൾ വ്യാപകമായ പ്രശംസ നേടിയിരുന്നു. അതാതു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കു കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാമെന്ന് മെർക്കൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 180,830 പേർക്കാണ് ജർമ്മനിയിൽ കൊവിഡ് ബാധ. മരണം 8,433.

ജൂലൈ ഒന്നുമുതൽ രാജ്യത്തേക്ക് എത്തുന്ന വിദേശികൾക്ക് ക്വാറന്റീൻ ഒഴിവാക്കാൻ സ്പാനിഷ് സർക്കാർ തീരുമാനിച്ചു. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായ ടൂറിസം വ്യവസായത്തെ പിടിച്ചു നിർത്താനാണ് സ്പെയിന്റെ ഈ തീരുമാനം. വിവിധ രാജ്യങ്ങളിൽനിന്നായി എട്ടുകോടി ആളുകൾ ഓരോവർഷവും സഞ്ചാരികളായി എത്തുന്ന രാജ്യമാണ് സ്പെയിൻ. രാജ്യത്തിന്റെ മൊത്തവരുമാനത്തിന്റെ 12 ശതമാനവും ടൂറിസത്തിൽനിന്നാണ്. ബ്രിട്ടീഷുകാരാണ് സ്പെയിനിലേക്ക് യാത്രപോകുന്നവരിൽ ഏറെയും.

സ്പെയിൻ ക്വാറന്റീൻ നിയമങ്ങളിൽ അയവു വരുത്തുന്നതോടെ സ്കൂൾ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ബ്രിട്ടീഷുകാർക്ക് സ്പെയിനിലേക്ക് യാത്രപോകാം. തിരികെയെത്തുമ്പോൾ 14 ദിവസം ക്വാറന്റീനിൽ ഇരിക്കണമെന്ന് മാത്രം.

സ്പെയിൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ക്വാറന്റൈൻ നിബന്ധനകളിൽ ഇളവ് അനുവദിക്കുമെന്ന് അറിയിച്ചതോടെ ഈസി ജെറ്റ്, ജെറ്റ്-2, റയൺ എയർ തുടങ്ങിയ ബജറ്റ് എയർലൈനുകൾ ജൂലൈയിൽ വിമാനസർവീസ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് ബാധ കുറവുള്ള രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റീൻ ഒഴിവാക്കുന്ന എയർ ബ്രിഡ്ജ് ഡീലിന് സർക്കാർ ശ്രമിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.

അയർലൻഡിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസമായിരുന്നു ഇന്നലെ. മാർച്ച് 21നുശേഷം ആദ്യമാണിത്. 1,606 പേരാണ് റിപ്പബ്ലിക് ഓഫ് അയർലൻഡിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.