1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോറിസ് ജോൺസണെ ഔദ്യോ​ഗിക വസതിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പരിശോധിച്ചിരുന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രധാനമന്ത്രിക്ക് ചില ടെസ്റ്റുകൾ അനിവാര്യമായതിനാൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. 55 കാരനായ ബോറിസ് ജോൺസണ് മാർച്ച് 27 നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജോണ്‍സന്റെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ജോണ്‍സന്‍ രോഗബാധിതനായ അന്നുതന്നെ രോഗമുണ്ടെന്ന് വെളിപ്പെടുത്തിയ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹന്നോക്കിന്റെ നില അതേസമയം തൃപ്തികരമാണ്. ഹന്നോക്ക് സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടനിൽ ഇതുവരെ 47,806 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,934 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ഉയർത്തിയ വെല്ലുവിളികൾ നേരിടാൻ ജനങ്ങളെ ആഹ്വാനം ചെയ്ത എലിസബത്ത് രാജ്ഞി ബുദ്ധിമുട്ടുകൾ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാൻ ആവശ്യപ്പെട്ടു. അറുപത്തിയെട്ട് വർഷത്തിനിടെ ഇത് അഞ്ചാമതാണ് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

കൊവിഡ് രോഗം ബ്രിട്ടനെയാകെ പിടിച്ചുലച്ച സാഹചര്യത്തിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയ്ക്ക് ആത്മ വിശ്വാസം പകരാൻ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

അതിവേഗത്തിലാണ് ബ്രിട്ടണിൽ രോഗം പടരുന്നത്. എല്ലാ വ്യാഴാഴ്ചയും ബ്രിട്ടീഷ് ജനത ആരോഗ്യപ്രവർത്തകരെ കൈയ്യടിച്ച് അഭിനന്ദിക്കുന്നത് രാജ്‍‍ഞി അഭിസംബോധനയിൽ എടുത്തു പറഞ്ഞു. കൊട്ടാരത്തിലെ ജീവനക്കാരനും ചാൾസ് രാജകുമാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിൻഡ്സർ കൊട്ടാരത്തിലാണ് രാജ്‍‍ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും താമസിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ രോഗ മുക്തി നേടി.

വിൻഡ്സർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ റേഡിയോ എന്നിവയിലൂടെ പുറത്ത് വിടുകയായിരുന്നു. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലായിരുന്നു ചിത്രീകരണം. നമ്മൾ വീണ്ടും കാണും എന്ന് എടുത്തു പറഞ്ഞാണ് രാജ്‍‍ഞി അഭിസംബോധന അവസാനിപ്പിച്ചത്.

കൊറോണ പ്രതിസന്ധിയെ നേരിടുന്ന അയർലൻഡിൽ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വീണ്ടും ഡോക്ടറായി രംഗത്തിറങ്ങി. കൊറോണയെ നേരിടുന്നതിനുള്ള ഐറിഷ് മെഡിക്കല്‍ സംഘത്തെ സഹായിക്കാന്‍ ആഴ്ചയിലൊരു ദിവസം അദ്ദേഹവും ഉണ്ടാകും. ഡോ.വരദ്കര്‍ അദ്ദേഹത്തിന്റെ പരിധിയിലുള്ള മേഖലകളില്‍ ആഴ്ചയിലൊരു സെഷന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. 4,994 കൊവിഡ് കേസുകളുള്ള രാജ്യത്ത് ഇതുവരെ 158 പേരാണ് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.