1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും കൊറോണവൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്നു യുകെ ആരോഗ്യമന്ത്രി. ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവർക്കു രോഗം ബാധിച്ചിരുന്നുവെന്നും അവർ അതിനെ അതിജീവിച്ചുവെന്നുമാണ്. അങ്ങനെയെങ്കിൽ ലണ്ടനിൽ മാത്രം 15 ലക്ഷം പേർക്കു കോവിഡ് ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാൽ ഇവർക്കു വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്.

വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജരിൽ ഒസിഐ കാർഡുള്ളവർക്ക് (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനേർപ്പെടുത്തിയ വിലക്ക് ആഭ്യന്തര മന്ത്രാലയം ഉപാധികളോടെ നീക്കി. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി ഇവർക്ക് ഇന്ത്യയിലെത്താമെന്നു മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് പ്രത്യേക ഉത്തരവിലൂടെ നിയന്ത്രണത്തിന് ഭാഗിക ഇളവുകൾ അനുവദിച്ചത്. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക്, വിദേശത്തുവച്ച് ജനിച്ചതിന്റെ പേരിൽ ഒസിഐ കാർഡ് ലഭിച്ച കൊച്ചുകുട്ടികൾ, നാട്ടിൽ കുടുംബാംഗങ്ങൾ മരണപ്പെട്ടവർ, ഒരാൾക്ക് ഇന്ത്യൻ പൗരത്വവും മറ്റൊരാൾക്ക് വിദേശപൗരത്വവുമുള്ള ദമ്പതിമാർ, മാതാപിതാക്കൾ ഇന്ത്യയിലായിരിക്കുകയും ഒസിഐ കാർഡോടെ വിദേശത്തു പഠിക്കുകയും ചെയ്യുന്ന യൂണിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്കാണ് യാത്രാ വിലക്ക് ഇളവ് ചെയ്തത്.

ഇതോടെ ഇവർക്ക് അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പേരു രജിസ്റ്റർ ചെയ്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്താം. മേയ് അഞ്ചിനായിരുന്നു പ്രത്യേക ഉത്തരവിലൂടെ ഇന്ത്യൻ സർക്കാർ വിദേശത്തുള്ളവരുടെ എല്ലാ ലൈഫ് ലോങ് മൾട്ടി എൻട്രി വീസകളും തൽകാലത്തേക്ക് മരവിപ്പിച്ചത്. അത്യാവശ്യക്കാരോട് എംബസികളിൽ ബന്ധപ്പെടാൻ നിർദേശിച്ചു കൊണ്ടായിരുന്നു ഈ മരവിപ്പിക്കൽ.

മോർട്‌ഗേജ് തിരിച്ചടവുകൾക്ക് ബ്രിട്ടനിൽ പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ മൊറട്ടോറിയം മൂന്നുമാസം കൂടി നീട്ടി. ക്രെഡിറ്റ് റേറ്റിംങ്ങിനെ ബാധിക്കാത്താവിധം മാർച്ചിലാണ് തിരിച്ചടവുകൾ മൂന്നുമാസത്തേക്ക് സർക്കാർ മരവിപ്പിച്ചത് ജൂണിൽ അവസാനിക്കുന്ന ഈ മൊറോട്ടോറിയമാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് മൂന്നുമാസം കൂടി ഇപ്പോൾ നീട്ടിനൽകിയിരിക്കുുന്നത്.

കോവിഡിനെ തുടർന്നുണ്ടായ പ്രത്യേക സാമ്പത്തിക ബുദ്ധുമുട്ട് പരിഹരിക്കാൻ ബ്രിട്ടീഷ് സർക്കാർ 62.1 ബില്യൺ പൗണ്ട് ഈമാസം കടമെടുത്തു. ഇതോടെ സർക്കാരിന്റെ ധനക്കമ്മി 298 ബില്യൺ പൗണ്ടായി ഉയരും. ലോക്ക്ഡൗണിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടവർക്ക് ശമ്പളത്തിന്റെ 80 ശതമാനം നൽകുന്ന പദ്ധതിയാണ് പെട്ടെന്നുള്ള വലിയ സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമായത്.

കോവിഡ് ബാധിച്ച് ഇന്നലെ 351 പേരാണ് ബ്രിട്ടണിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,393 ആയി. ആകെ രോഗികളുടെ എണ്ണം 254,195 ആയി ഉയർന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.